• മദ്യം വേണ്ട മനസമാധാനം മതി : ബിജു രമേശ്

    കെഎം മാണിയെ വെട്ടിലാക്കിയ ബാര്‍ കോഴ വിവാദത്തിന് ചുക്കാന്‍ പിടിച്ച പ്രമുഖ മദ്യ വ്യവസായി ബിജു രമേശ് മദ്യ കച്ചവടത്തില്‍ നിന്നും പിന്‍വാങ്ങുന്നു. നിലവിലുള്ള ഹോട്ടലുകളില്‍ മൂന്നെണ്ണത്തിന് ലൈസന്‍സ് കിട്ടുമെന്നിരിക്കെ പുതിയ ലൈസന്‍സിന് അപേക്ഷിക്കാതെയാണ് ബിജു രമേശ് മദ്യക്കച്ചവടം അവസാനിപ്പിക്കാനൊരുങ്ങുന്നത്. ബാര്‍ കോഴ കേസില്‍ ഉള്ളതും ഇല്ലാത്തതുമായ ആരോപണങ്ങളില്‍ താന്‍ ഇപ്പോഴും വേട്ടയാടപ്പെടുകയാണെന്ന് തുറന്നു പറയുന്ന ബിജു രമേശ് ജീവതിത്തില്‍ മനസമാധാനം ആഗ്രഹിച്ചാണ് താന്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്നും വ്യക്തമാക്കുന്നു.
     
    നിലവില്‍ ഒന്‍പതു ബിയര്‍ വൈന്‍ പാര്‍ലറുകളാണ് ബിജു രമേശിനുള്ളത്. തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇതു തുടരും. 
    മദ്യ വ്യവസായത്തിന് പ്രതികൂല സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളതെന്നും, ഈ സാഹചര്യത്തില്‍ മദ്യം ഇവിടെ വില്‍ക്കാനാവില്ലെന്നും ബിജു രമേശ് പറഞ്ഞു. എല്‍.ഡിഎഫ് സര്‍ക്കാരിന്റെ മദ്യവര്‍ജന നയത്തോട് ഒട്ടും യോജിപ്പില്ലെന്നും മദ്യപിക്കുന്നവരെ മദ്യത്തില്‍ നിന്നും പിന്തിരിപ്പിക്കാതെ പകരം പുതിയ ആളുകള്‍ ആസക്തരാകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ബിജു രമേശ് വ്യക്തമാക്കി. ബാര്‍ കോഴ അന്വേഷണത്തില്‍ തൃപ്തനല്ലെന്നും സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെടുമെന്നും ബിജു രമേശ് പറഞ്ഞു.