• മെട്രോമാനും കൊച്ചി മെട്രോയും ഇനി തിരശ്ശീലയില്‍ ; നായികയായി റിമാ കല്ലിങ്കല്‍

  ആകാശ ചിറകിലേറി കൊച്ചി മെട്രോ കുതിക്കുമ്പോള്‍ മെട്രോമാന്‍ ഇ.ശ്രീധരന്റെ ജീവിതം സിനിമായവുകയാണ്. റിമ കല്ലിങ്കല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയ്ക്ക് "അറബിക്കടലിന്റെ റാണി- ദി മെട്രോ വുമണ്‍" എന്നാണ് പേരിട്ടിരിക്കുന്നത്. കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ വരുന്ന സിനിമയില്‍ മെട്രോമാന്‍ ഇ ശ്രീധരനായി  വേഷമിടുന്നത് ഒരു പ്രമുഖ സൂപ്പര്‍ താരമായിരിക്കുമെന്ന്  ചിത്രത്തിന്റെ തിരക്കഥാകൃത്തുകളില്‍ ഒരാളായ എം യു പ്രവീണ്‍ പറഞ്ഞു.
   
  37കാരിയായ ലതിക എന്ന കഥാപാത്രത്തെയാണ് റിമ കല്ലിങ്കല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റാണി പത്മിനി എന്ന കപ്പല്‍ നീറ്റിലിറക്കുന്നതിനായി ഇ മാധവന്‍ ആദ്യമായി കൊച്ചിയില്‍ വന്ന ദിവസമാണ് ലതിക ജനിക്കുന്നത്. അതുകൊണ്ടുതന്നെ ഇ മാധവനും താനുമായി എന്തോ ഒരു ബന്ധമുണ്ടെന്നാണ് ലതിക കരുതുന്നത്. തൃപ്പുണിത്തുറയില്‍ മെട്രോ സ്റ്റേഷന് വേണ്ടി സ്ഥലം വിട്ടുനല്‍കണമെന്ന ആവശ്യവുമായി അധികൃതര്‍ അവിടുത്തുകാരിയായ ലതികയെ സമീപിക്കുന്നു. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
   
  പത്മകുമാറും പ്രമുഖ തിരക്കഥാകൃത്ത് ടി.എസ് സുരേഷ് കുമാറും ചേര്‍ന്നാണ് "അറബിക്കടലിന്റെ റാണി- ദി മെട്രോ വുമണ്‍" എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് മേനോന്‍, അരുണ്‍ നാരായണ്‍, സന്തോഷ് കീഴാറ്റൂര്‍, അലന്‍സിയര്‍, ഷീലു എബ്രഹാം എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തിക്കാന്‍ ഉദ്ദേശിക്കുന്ന "അറബിക്കടലിന്റെ റാണി- ദി മെട്രോ വുമണ്‍" നിര്‍മ്മിച്ചിരിക്കുന്നത് വി ജി ഫിലിംസ് ഇന്റര്‍നാഷണലാണ്.
   
  പ്രമുഖ നാടകപ്രവര്‍ത്തകന്‍ എം യു പ്രവീണും എസ് സുരേഷ് ബാബുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മധു നീലകണ്ഠനാണ് ക്യാമറ, എഡിറ്റിങ് വിനോദ് സുകുമാരനും കലാ സംവിധാനം മനുജഗത്തും നിര്‍വ്വഹിക്കും.