• മോദി വിളിച്ചു, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ......

   കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ റെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനുംശേഷം ചിറകുവിരിയ്ക്കുന്ന കൊച്ചി മെട്രോയുടെ ഉദ്ഘാടനം പാലാരിവട്ടം സ്റ്റേഷനില്‍ നാടമുറിച്ചാണ് നിര്‍വ്വഹിച്ചത്. തുടര്‍ന്ന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പ്രധാനമന്ത്രി മെട്രോ നാടിന് സമര്‍പ്പിച്ചു.
   
  ""എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ. കൊച്ചി മെട്രോയുടെ പ്രൗഡ ഗംഭീരമായ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ജനങ്ങളോടൊപ്പം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു"" എന്ന് മലയാളത്തില്‍ പറഞ്ഞാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. കേരളത്തിന്റെ അഭിമാന പദ്ധതിയില്‍ പങ്കെടുക്കുന്നതില്‍ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേരള സര്‍ക്കാരിന്റെയും കേന്ദ്രത്തിന്റെയും തുല്യപങ്കാളിത്തമുള്ള ഉദ്യമമാണ് കൊച്ചി മെട്രോ.
   
   
  2000 കോടി രൂപയാണ് പദ്ധതിയുടെ പൂര്‍ത്തീകരണത്തിനു കേന്ദ്രം നല്‍കിയതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആയിരത്തോളം വനിതകളും 23 ഭിന്നലിംഗക്കാരുമാണ് കൊച്ചി മെട്രോയില്‍ ജോലി ചെയ്യുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൊച്ചി മെട്രോ പരിസ്ഥിതി സൗഹാര്‍ദ വികസനത്തിന്റെ മാതൃകയാണ്. മെട്രോ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് സഹകരിച്ച കൊച്ചിയിലെ ജനങ്ങളെയും മെട്രോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
   
  കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ് മെട്രോയുടെ കോച്ചുകള്‍. ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍ ഉപയോഗിച്ച് ചെന്നൈയിലെ അല്‍സ്റ്റോമാണ് അവ നിര്‍മിച്ചത്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രത്യേക ശ്രദ്ധയാണ് കേന്ദ്രം പ്രകടിപ്പിക്കുന്നത്. സ്മാര്‍ട്ട് സിറ്റി പട്ടികയിലെ ആദ്യ റൗണ്ടില്‍ കൊച്ചിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാണ്യവിളകളുടെ വ്യാപാരകേന്ദ്രമായ കൊച്ചി ഇനി വാണിജ്യനഗരമെന്ന് അറിയപ്പെടും. രാജ്യത്തെ 50 നഗരങ്ങള്‍ മെട്രോ തുടങ്ങാന്‍ തയാറെടുക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.