• ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം നാലു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയെന്ന ലക്ഷ്യം : കടകംപള്ളി സുരേന്ദ്രന്‍

    അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന്  ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊച്ചിയില്‍ ഇന്റര്‍നാഷണല്‍
    കോണ്‍ഫറന്‍സ് ഓണ്‍ ടൂറിസം ടെക്നോളജി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2021 ആകുമ്പോഴേക്കും കേരളത്തിലേക്ക് ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി  വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 50 ശതമാനം കണ്ടു വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ ഉദ്യമത്തില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള കാല്‍വയ്പാണ് ഐസിടിടിയിലൂടെ 2013 ല്‍ നടന്നത്. ഇന്ന് കേരളത്തിലെ ടൂറിസം വ്യവസായം സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാകുന്നതിന്റെ കാരണം ഐസിടിടിയാണെന്നും മന്ത്രി പറഞ്ഞു.
     
    കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ മദ്യനയം കേരളത്തിലെ ടൂറിസം വ്യവസായത്തിന് ദോഷകരമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. വിവിധ  അന്താരാഷ്ട്ര-ആഭ്യന്തര സമ്മേളനങ്ങളുടെ പ്രിയ വേദിയായിരുന്നു കേരളം. മദ്യനിരോധനം വന്നതോടെ കേരളത്തിന് തിരിച്ചടി നേരിട്ടു. ഇതിന് മദ്യം മാത്രമാണ് കാരണമെന്ന് തനിക്ക് അഭിപ്രായമില്ല. എന്നാല്‍ കേരളത്തിന്റെ അതേ കാലാവസ്ഥയുള്ള ശ്രീലങ്ക ഈയവസരം മുതലാക്കി.
    സര്‍ക്കാരിന്റെ പുതിയ മദ്യനയം സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
     
    പ്രാദേശികമായ അനുഭവങ്ങളാണ് ഇന്നത്തെ ടൂറിസ്റ്റുകള്‍ക്കാവശ്യമെന്ന് ചടങ്ങില്‍ പങ്കെടുത്ത ശ്രീ ഹൈബി ഈഡന്‍ എംല്‍എ ചൂണ്ടിക്കാട്ടി. അതിനായി അവര്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് സമൂഹ മാധ്യമങ്ങളെയാണ്. പ്രാദേശിക പങ്കാളിത്തമുള്ളതുകൊണ്ട് ഉത്തരവാദിത്ത ടൂറിസം പ്രാധാന്യമേറുന്നത്.  ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത നിരവധി അവസരങ്ങള്‍ കേരളത്തിലുണ്ട്. ടൂറിസം
    കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ മോശമായ അവസ്ഥ, മാലിന്യ പ്രശ്നം എന്നിവയെല്ലാം ഈ മേഖല ഇന്ന് നേരിടുന്ന പ്രതിസന്ധികളാണ്. മുസിരിസ് ബിനാലെ, പൈതൃക പദ്ധതി എന്നിവ കേരളത്തിന് അന്താരാഷ്ട്രരംഗത്തുള്ള പുതിയ മേല്‍വിലാസങ്ങളാണെന്നും ഹൈബി പറഞ്ഞു.
     
    Kerala IndiaForBeginners എന്ന ട്വിറ്റര്‍ ഹാഷ്ടാഗ് പ്രചാരണത്തിന്റെ ഉദ്ഘാടനം ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വേണു വി നിര്‍വഹിച്ചു. ഫേസ്ബുക്ക് പ്രചാരണം ടൂറിസം ഡയറക്ടര്‍ ശ്രീ ബാല കിരണ്‍ ഉദ്ഘാടനം ചെയ്തു.