• ഗീത ഗോപി എംഎല്‍എയെ പാര്‍ട്ടി താക്കീത് ചെയ്തു

    മകളുടെ വിവാഹം ആഡംബരപൂര്‍വം നടത്തിയതിന് ഗീത ഗോപി എംഎല്‍എയെ സിപിഐ തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് താക്കീത് ചെയ്തു. ജില്ലാ കൗണ്‍സിലിനോട് സംസ്ഥാന എക്സിക്യൂട്ടിവ് വിശദീകരണം തേടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. വിവാദം സംബന്ധിച്ച് ഗീതാ ഗോപി സിപിഐ ജില്ല സെക്രട്ടറി കെ.കെ.വത്സരാജിന് വിശദീകരണം നല്‍കിയിരുന്നു. തെറ്റു ചെയ്തിട്ടില്ലെന്ന നിലപാടിലുറച്ചു നിന്നാണ് ഗീതാ ഗോപി വിശദീകരണം നല്‍കിയിരുന്നത്.
     
    ഗുരുവായൂരില്‍വെച്ച് നടന്ന വിവാഹത്തില്‍, ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്ന ഗീത ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോകള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. സിഎന്‍ ജയദേവന്‍ എംപി ഗീതയെ ന്യായീകരിച്ച് രംഗത്തുവന്നിരുന്നു. പരിപ്പുവടയുടേയും കട്ടന്‍ചായയുടേയും കാലം കഴിഞ്ഞെന്നും ഇനി അങ്ങനെ ജീവിക്കണമെന്ന് പറയുന്നതില്‍ അര്‍ഥമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
     
    അതേസമയം പാര്‍ട്ടിയുടെ പൊതുനിലപാടിന് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.