• ശൃംഗേരി മഠാധിപതിയുടെ അനുഗ്രഹം തേടി മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും

  ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീതീര്‍ഥസ്വാമിയുടെ ദര്‍ശനം തേടി സംസ്ഥാന മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും. ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളിലെത്തിയാണ് മന്ത്രിമാര്‍ സ്വാമിയെ കാത്തിരുന്നു അനുഗ്രഹം വാങ്ങിയത്. ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനായി ഹാളിലെത്തുന്ന സ്വാമിയെ കാത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ധനമന്ത്രിയും നേരത്തേതന്നെ ഇവിടെ കാത്തുനിന്നിരുന്നു. ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നതിന് മുന്നേ മന്ത്രിമാര്‍ക്കാണ് സ്വാമി ദര്‍ശനം നല്‍കിയതും.
   
  സ്വാമിയില്‍ നിന്ന് പ്രസാദം സ്വീകരിച്ച് സ്വാമിയെ തൊഴുതാണ് മന്ത്രി സുധാകരന്‍ മടങ്ങിയത്. തന്നെ ദര്‍ശിക്കാനെത്തിയ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരെ സ്വാമിയും സ്വീകരിച്ചു. ഇരുവരെയും സ്വാമിക്കുവേണ്ടി അദ്ദേഹത്തിന്റെ സെക്രട്ടറി പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. 
   
   
  സ്വാമിക്ക് മുന്നില്‍ മന്ത്രിമാര്‍ സ്വാമിക്ക് തളികയില്‍ പഴങ്ങള്‍ സമര്‍പ്പിച്ചു. ദര്‍ശനത്തിനുശേഷം പ്രസാദമായി ആപ്പിള്‍ നല്‍കിയ സ്വാമി, മന്ത്രി തോമസ് ഐസക്കിന് ഒരെണ്ണം കൂടുതല്‍ നല്‍കി "ഇതു മുഖ്യമന്ത്രിക്ക്" നല്‍കാന്‍ പറയുകയും ചെയ്തു. ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു. സംസ്ഥാന അതിഥിയായെത്തിയ ശൃംഗേരി മഠാധിപതിയെ വൈകീട്ട് പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് യാത്രയാക്കിയത്.