• മെട്രോ ഉദ്ഘാടന വേദിയില്‍ ഇ. ശ്രീധരനെയും രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്തി

  മെട്രോ ഉദ്ഘാടന വേദിയില്‍ ഇ. ശ്രീധരനെയും രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്താമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. ഇ ശ്രീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.ടി.തോമസ് എം.എല്‍.എ എന്നിവരെ കൂടി
  ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് നടപടി. ഉദ്ഘാടന വേദിയില്‍ പങ്കെടുത്ത് സംസാരിക്കാന്‍
  സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്‍കിയ പട്ടികയിലും ഇ.ശ്രീധരന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരുണ്ടായിരുന്നു.
   
  സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍നിന്നു മെട്രോയുടെ മുഖ്യ ഉപദേഷ്ടാവായ ഇ. ശ്രീധരനെ ഒഴിവാക്കിയത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ചടങ്ങിന് വേദിയില്‍ ഉണ്ടാവേണ്ടവര്‍ ആരൊക്കെയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയിലാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. ഇ.ശ്രീധരന് പുറമെ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.ടി. തോമസ് എംഎല്‍എ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരും ഉദ്ഘാടന വേദിയില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയിരുന്നു
   
  പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗതാഗത മന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍, കെ.വി. തോമസ് എംപി, എന്നിവര്‍ക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വേദിയില്‍ ഇരിക്കാന്‍ ആദ്യം അനുമതി നല്‍കിയത്. കെഎംആര്‍എല്‍13 പേരുടെ പേരുകളായിരുന്നു ചടങ്ങിലേക്ക് നല്‍കിയിരുന്നത്ത്.