• സുരേന്ദ്രന് തിരിച്ചടി ; പരേതന്‍ സമന്‍സ് കൈപ്പറ്റി

    ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹായരാക്കിയ പരേതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട അഹമ്മദ് കുഞ്ഞി കോടതി സമന്‍സ് നിറചിരിയോടെ സ്വീകരിച്ചു. ഞാന്‍ മരിച്ചിട്ടില്ല ജീവനോടെയുണ്ടെന്ന കമന്റും പാസാക്കി. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നാടെന്നാരോപിച്ചായിരുന്നു ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിന്റെ തെളിവിലേയ്ക്കായി മരിച്ചവരുടെ പട്ടികയും കോടതിയില്‍ ഹാജരാക്കി. ഈ പട്ടികയില്‍ കാസര്‍ഗോഡ് വേര്‍ക്കാടി പഞ്ചായത്തില്‍ ബാക്രബയായാല്‍ സ്വദേശി അഹമ്മദ് കുഞ്ഞിയും സ്ഥാനം പിടിച്ചു. എന്നാല്‍ ഇപ്പോഴും ജീവനോടെയിരിക്കുന്ന അഹമ്മദ് കുഞ്ഞി കോടതി അയച്ച സമന്‍സ് കയ്യോടെ കൈപ്പറ്റി. 
     
    ഒരു സ്വകാര്യ മലയാളം ചാനലാണ് കഴിഞ്ഞ ദിവസം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 15 ന് കോടതിയില്‍ ഹാജരാകാനാണ് അഹമ്മദ് കുഞ്ഞിയ്ക്ക് കോടതി സമന്‍സ് അയച്ചിരിക്കുന്നത്. സമന്‍സ് വന്നപ്പോള്‍ ആദ്യം അമ്പരന്നെങ്കിലും കാര്യമറിഞ്ഞപ്പോള്‍ അഹമ്മദ് കുഞ്ഞിയുടെ മുഖത്ത് ചിരിപടര്‍ന്നു. തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് ആയിരുന്നെന്ന് സുരേന്ദ്രന്‍ വാദിച്ച അനസ് എന്നയാള്‍ ഇതുവരെ വിദേശയാത്ര നടത്തിയിട്ടില്ലെന്ന് തെളിയുന്ന പാസ്‌പ്പോര്‍ട്ട് രേഖകളും പുറത്ത് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്നും മരണപ്പെട്ടവരുടേയും വിദേശത്ത് ആയിരുന്നവരുടേയും പേരില്‍ വോട്ട് ചെയ്തുവെന്നുമാണ് സുരേന്ദ്രന്റെ വാദം.