• കര്‍ണനായി നാഗാര്‍ജ്ജുന?

    എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനായി എത്തുന്ന മഹാഭാരതം ചര്‍ച്ചയാവാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. മോഹന്‍ലാല്‍ ഭീമനായി എത്തുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും ബാക്കി കഥാപാത്രങ്ങളെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ഒന്നും പുറത്തുവിട്ടിരുന്നില്ല. തെലുങ്ക് താരം നാഗാര്‍ജുനയായിരിക്കും ചിത്രത്തില്‍ കര്‍ണനെ അവതരിപ്പിക്കുക. തെലുങ്ക് മാധ്യമങ്ങളും ട്രേഡ് അനലിസ്റ്റ് കൗശിക് ഉള്‍പ്പെടെ ട്വിറ്ററില്‍ നാഗാര്‍ജ്ജുന കര്‍ണനായി എത്തുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.
     
    അതേസമയം രണ്ട് വര്‍ഷം മുന്‍പ് കര്‍ണനെ അവതരിപ്പിക്കാമോ എന്ന് എംടി നേരിട്ട് ചോദിച്ചിരുന്നതായി നാഗാര്‍ജുന വ്യക്തമാക്കി. മഹാഭാരതം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ശ്രീകുമാര്‍ നാല് വര്‍ഷമായി നടത്തുന്ന കഠിനപ്രയത്‌നത്തെക്കുറിച്ച് എനിക്കറിയാം. ഈയിടെ എംടി എന്നോട് സിനിമയെക്കുറിച്ച് വീണ്ടും സംസാരിച്ചു. എന്റെ കഥാപാത്രത്തിന് ചിത്രത്തില്‍ പ്രാധാന്യമുണ്ടെങ്കില്‍ ഞാന്‍ അവതരിപ്പിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്. ആ പ്രൊജക്ട് ഇപ്പോള്‍ പ്രാഥമിക ഘട്ടത്തിലാണ്. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് പറയാമെന്നും നാഗാര്‍ജുന പറഞ്ഞതായാണ് ടോളിവുഡ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.
     
    എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന സിനിമയില്‍ അമിതാബ് ബച്ചന്‍ ഭീഷ്മരായും ഐശ്വര്യാ റായ് ദ്രൗപതിയായും മഹേഷ് ബാബു, വിക്രം, പുനീത് രാജ്കുമാര്‍, പ്രഭു ഉള്‍പ്പെടെയുള്ള താരങ്ങള്‍ അണിനിരക്കുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ താരനിര്‍ണയം പുരോഗമിക്കുന്നതിനാല്‍ പുറത്തുവിടാന്‍ രണ്ടാമൂഴം ടീം തയ്യാറായിട്ടില്ല.അതേസമയം   ചിത്രത്തിന് മഹാഭാരതം എന്ന പേര് നല്‍കാനാകില്ല എന്ന് പറഞ്ഞ് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല രംഗത്ത് വന്നതും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വിവാദമായിരിക്കുകയാണ്.