• ആന്ധ്രാപ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ഉച്ചക്കു ശേഷം സന്ദര്‍ശിക്കും.

    വിശാഖപട്ടണം : ഹുദ് ഹുദ് ചുഴലിക്കൊടുങ്കാറ്റ് നാശം വിതച്ച ആന്ധ്രാപ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ഉച്ചക്കു ശേഷം സന്ദര്‍ശിക്കും. ഇരുസംസ്ഥാനങ്ങളിലുമായി മരിച്ചവരുടെ എണ്ണം 24 ആയി. ആന്ധ്രയില്‍ മാത്രം 21 പേരാണ് മരിച്ചത്. ആന്ധ്രയുടെ വടക്കന്‍ തീരമേഖലയില്‍ ആറായിരത്തോളം വീടുകള്‍ തകര്‍ന്നു. ആറുലക്ഷത്തോളം പേരാണ് ദുരിതത്തിലായത്. അഞ്ചുലക്ഷം പേരെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണസേനയുടെ 24 യൂണിറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആന്ധ്രതീരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 1.35 ലക്ഷം പേര്‍ ഇപ്പോഴും ദുരിതാശ്വാസക്യാമ്പുകളിലാണ്.
     
    ഹുദ്ഹുദ് ആഞ്ഞടിച്ച കിഴക്കന്‍ തീരത്തെ സുപ്രധാന വ്യവസായ നഗരമായ വിശാഖപട്ടണം ഇനിയും സാധാരണ നിലയിലായിട്ടില്ല. അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. വൈദ്യുതി വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിച്ചിട്ടില്ല. ശ്രീകാകുളം, കിഴക്കന്‍ ഗോദാവരി തുടങ്ങിയ ദുരിതബാധിത മേഖലകളിലും കനത്ത നാശനഷ്ടമാണുണ്ടായത്. തിങ്കളാഴ്ചയോടെ കാറ്റിന്റെ ശക്തികുറഞ്ഞു. ആന്ധ്രയും ഛത്തീസ്ഗഢും കടന്ന് വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയ കാറ്റ് ക്രമേണ സാധാരണ നിലയിലാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചത്.