• ഷഹീദ് ബാവ കൊലക്കേസ് ; ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം

    കോഴിക്കോട് : സദാചാര പോലീസ് ചമഞ്ഞ് കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടിക്കടുത്ത ചുള്ളിക്കാപറമ്പ് സ്വദേശി തേലേരി വീട്ടില്‍ ഷഹീദ് ബാവ(26)യെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒമ്പതു പ്രതികളേയും എരഞ്ഞിപ്പാലം സ്‌പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എസ്.കൃഷ്ണകുമാര്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കേസില്‍ അഞ്ചു പ്രതികളെ കുറ്റക്കാരല്ലെന്ന്കണ്ട് കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു.

    കൊടിയത്തൂര്‍ കൊല്ലാളത്തില്‍ അബ്ദുള്‍ റഹ്മാന്‍ എന്ന ചെറിയാപ്പു(55), മൂന്നുമുതല്‍ ആറുവരെ പ്രതികളായ നാറാഞ്ചിലത്ത് പാലക്കാടന്‍ അബ്ദുല്‍ കരീം(45), നടക്കല്‍ കോട്ടക്കുഴിയില്‍ അബ്ദുല്‍ നാസര്‍(31), മാളിയേക്കല്‍ ഫയാസ്(28), കളത്തിങ്ങല്‍ നാജിദ്(22), എട്ടുമുതല്‍ 11 വരെ പ്രതികളായ പാത്തേന്‍കടവ് റാഷിദ്(22), എള്ളങ്ങല്‍ ഹിജാസ് റഹ്മാന്‍ എന്ന കട്ട(23), നാലാഞ്ചിലത്ത് പാലക്കാടന്‍ മുഹമ്മദ് ജംഷീര്‍(25), കൊളായില്‍ ഷാഹുല്‍ ഹമീദ്(29) എന്നിവരെയാണ് ജീവപര്യന്തം ശിക്ഷിച്ചത്. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി ബുധനാഴ്ച കണെ്ടത്തിയിരുന്നു.

    പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വധശിക്ഷ സുപ്രീം കോടതി നിരുത്സാഹപ്പെടുത്തിയതാണെന്ന് പ്രതിഭാഗവും വാദിച്ചു.രണ്ടാം പ്രതി കൊടിയത്തൂര്‍ കണ്ണാട്ടിക്കല്‍ മുഹമ്മദ് സലീം(22), ഏഴാം പ്രതി കുയ്യില്‍ ഇര്‍ഷാദ്(23), 12 മുതല്‍ 14 വരെ പ്രതികളായ കീരന്‍തൊടിക കൊളായില്‍ ജാഫര്‍(34), എടക്കണ്ടിയില്‍ അയ്യൂബ്(25), കോട്ടമ്മല്‍ കുയ്യില്‍ മുര്‍ഷിദ്(29) എന്നിവരെയാണ് കോടതി വെറുതെവിട്ടത്.

    കേസന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ 15-ാം പ്രതിയായിരുന്ന അരിപ്ര പുതുക്കുഴിയില്‍ ചാത്തപ്പറമ്പില്‍ ഫായിസ്(25) ഒളിവില്‍ പോയിരുന്നു. ഇയാള്‍ ഇപ്പോള്‍ വിദേശത്താണെന്നാണ് പോലീസിന് കിട്ടിയ വിവരം.