• പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി

    ശ്രീനഗര്‍ : വെടിനിര്‍ത്തല്‍ ലംഘനം തുടരുന്ന പാക്കിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിച്ചതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി. പാക് സൈന്യം സാംബ, കാത്വ, ആര്‍എസ് പുര, അര്‍ണിയ തുടങ്ങിയ മേഖലകളില്‍ ഇന്ന് നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യയുടെ 60 ഓളം പോസ്റ്റുകളുടെ നേര്‍ക്കാണ് പാക്കിസ്ഥാന്‍ ഇന്നലെ വെടിയുതിര്‍ത്തത്.

    പാക്ക് റേഞ്ചേഴ്‌സിന്റെ 73 പോസ്റ്റുകള്‍ക്ക് നേരെയാണ് ഇന്ത്യന്‍ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായത്. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 15 പേര്‍ മരിച്ചുവെന്നും മുപ്പത് പേര്‍ക്ക് പരുക്കേറ്റുവെന്നുമാണ് പാക്ക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് അതിര്‍ത്തി മേഖലയില്‍ നിന്ന് ജനങ്ങള്‍ വീടുവിട്ടു പോയി. 20,000ല്‍ അധികം പേരാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറിയത്.

    കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന വെടിവയ്പ്പ് അവസാനിപ്പിക്കാന്‍ പാക്ക് സൈന്യം തയ്യാറാകാത്ത സാഹചര്യത്തിലാണ് ശക്തമായി തിരിച്ചടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയത്. പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി സേനാതലവന്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ധാരണയുണ്ടായത്. അതിര്‍ത്തി കാക്കാന്‍ ഏത് കടുത്ത നടപടിയും സ്വീകരിക്കുമെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

    ഫ്‌ളാഗ് മീറ്റിനുള്ള സമ്മതം പാക്കിസ്ഥാന്‍ അറിയിച്ചെങ്കിലും ഇന്ത്യ അതു തള്ളിക്കളയുകയായിരുന്നു. വെടിനിര്‍ത്തല്‍ ലംഘനവും ചര്‍ച്ചയും ഒരുപോലെ കൊണ്ടുപോകേണ്ട എന്നാണ് ഇന്ത്യയുടെ നിലപാട്. അതിനിടെ ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് ബാന്‍ കി മൂണ്‍ ഇരുരാജ്യങ്ങളിലെ നേതാക്കളുമായി സംസാരിക്കുമെന്നും യുഎന്‍ വക്താവ് അറിയിച്ചു.