• ഗ്രി-കള്‍ച്ചര്‍

   
  സി.ഡി.സുനീഷ്.
   
  ഒരു തുണ്ടു ഭൂമി തരിശിടാന്‍ ഈ സര്‍ക്കാര്‍ അനുവദിക്കില്ല-  മന്ത്രിമാര്‍  ,വി.എസ്.സുനില്‍കുമാറും എ.കെ. ബാലനും ഉറച്ച നിലപാടുമായി .
   
  നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കൃതി തിരികെ കൊണ്ടുവരും-  മന്ത്രി സുനില്‍ കുമാര്‍ ഒരു തുണ്ടു ഭൂമി പോലും തരിശിടാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് സാസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍.  ഉടമസ്ഥന് സ്വന്തമായി ഭൂമിയില്‍ കൃഷി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വഴി സര്‍ക്കാര്‍ അവിടെ കൃഷിയിറക്കും.  അതിന്റെ 25 ശതമാനം ഉടമസ്ഥനും ബാക്കി കൃഷി ഇറക്കുന്നതിനുള്ള ചെലവായും കണക്കാക്കും.  വാമനപുരം കളമച്ചല്‍ പാടത്ത് നടന്ന അഗ്രി-കള്‍ച്ചര്‍ (ഓര്‍ഗാനിക് തിയറ്റര്‍) എന്ന പരിപാടിയില്‍ ഇടശേരിയുടെ കൂട്ടുകൃഷി എന്ന നാടകത്തിന്റെ ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  ഈ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം 49,400 ഏക്കര്‍ തരിശ് ഭൂമി കൃഷി യോഗ്യമാക്കുകയും ഒരുലക്ഷം ടണ്‍ നെല്ല് അധികമായി ഉല്‍പ്പാദിപ്പിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു. പരസ്പര സ്നേഹവും വിശ്വാസവും ഊട്ടി വളര്‍ത്താന്‍ കഴിയുന്നത് കാര്‍ഷിക സംസ്‌ക്കാരത്തിന് മാത്രമാണന്ന് പരിപാടിയില്‍ ജൈവ കാര്‍ഷികതയുടെ നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. 
   നഷ്ടമായ ആ സംസ്‌ക്കാരം തിരിച്ചുകൊണ്ടുവരാനാണ് ഹരിതകേരളം മിഷനിലൂടെ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.  അട്ടപ്പാടിയില്‍ കൃഷി വകുപ്പ് പട്ടികവര്‍ഗ വകുപ്പുമായി ചേര്‍ന്ന് ആദിവാസികളുടെ പരമ്പരാഗത ഭക്ഷ്യ ഉല്‍പ്പന്നങ്ങളായ ചാമ, തിന, ചോളം റാഗി എന്നിവ കൃഷി ചെയ്യുന്നത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭാരത് ഭവനാണ് കളമച്ചല്‍ പാടത്ത് പരിപാടി സംഘടിപ്പിച്ചത്.  കൂടുതല്‍ വയലുകളില്‍ കൃഷിയിറക്കുകയും പുതുതലമുറക്ക് കൃഷിയും നാടന്‍കലകളും പരിചയപ്പെടുത്തുകയുമാണ് പരിപാടികൊണ്ട് ഉദേശിക്കുന്നത്.  10 ഏക്കറിലാണ് ജൈവകൃഷി ചെയ്യുന്നത്.  നാടകങ്ങള്‍, നാടന്‍ പാട്ടുകള്‍ എന്നിവ കൃഷിയുടെ വിവിധ ഘട്ടങ്ങളില്‍ ഇവിടത്തെ വേദികളില്‍ അവതരിപ്പിക്കും. ഡി.കെ. മുരളി എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഡോ. എ. സമ്പത്ത് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രന്‍, വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദേവദാസ്, ജില്ലാ പഞ്ചായത്തംഗം എസ്.എം. റാസി, ത്രിതലപഞ്ചായത്തംഗങ്ങള്‍ ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരും പങ്കെടുത്തു. കാര്‍ഷീക സംസ്‌കാരത്തോടൊപ്പം വളര്‍ന്നു്  വന്ന നാടന്‍ കലകള്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കൃഷിയും പരിസ്ഥിതി ആവാസ  വ്യവസ്ഥയും സംരക്ഷിക്കാന്‍ ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.