• ഇ-കോമേഴ്സ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഫിജികാര്‍ട്ട് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു

    സ്വന്തം ലേഖകന്‍
     
     ഡയറക്ട് മാര്‍ക്കറ്റിംഗും ഇ-കോമേഴ്സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ-കോമേഴ്സ് പ്ളാറ്റ്ഫോമായ ഫിജികാര്‍ട്ട്.കോം ഇന്ത്യയിലെത്തുന്നു. ഔപചാരികമായ ഉദ്ഘാടനം അങ്കമാലി ആഡ്ലെക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂലൈ 8 നു ഉച്ചക്ക് രണ്ടു മണിക്ക് ബഹു: ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി തിലോത്തമന്‍ നിര്‍വഹിക്കും. ഫിജികാര്‍ട്ടിന്റെ ഔദ്യോഗിക ലോഞ്ച് പ്രമുഖ ബോളിവുഡ് താരം തമന്ന നിര്‍വ്വഹിക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കലാപരിപാടികള്‍ അരങ്ങേറും. ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ സാരഥി ഡോ.ബോബി ചെമ്മണൂരാണ് ഫിജികാര്‍ട്ട്.കോം ചെയര്‍മാന്‍.
     
    2016 ഒക്ടോബറില്‍ ദുബായിലാണ് ഡയറക്ട് മാര്‍ക്കറ്റിംഗും ഇ-കോമേഴ്സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ഫിസിക്കല്‍ ആന്റ് ഡിജിറ്റല്‍ മാതൃക(ഫിജിടെല്‍)ആദ്യമായി പരീക്ഷിക്കപ്പെട്ടത്. അഭൂതപൂര്‍വമായ പ്രതികരണമാണ് ഇതിന് ലഭിച്ചതെന്ന് സാരഥികള്‍ പറഞ്ഞു. ദുബായില്‍ ആരംഭിച്ച ഫിജികാര്‍ട്ട്.കോമിന് ചുരുങ്ങിയ കാലംകൊണ്ട് തന്നെ യു.എ.ഇ യില്‍ വന്‍ തോതില്‍ ഉപഭോക്താക്കളുടെ അംഗീകാരം നേടിയെടുക്കാനായി. ഇതിന്റെ ചുവടു പിടിച്ചാണ് കമ്പനി വിപുലീകരണത്തിന് തയ്യാറെടുക്കുന്നത്. ഇന്ത്യക്കു പുറമേ മലേഷ്യ, നേപ്പാള്‍, യു.എസ് എന്നിവിടങ്ങളിലേക്കും സൗദി അറേബ്യ ഉള്‍പ്പെടെ ഇതര ജി.സി.സി രാജ്യങ്ങളിലേക്കും ഘട്ടം ഘട്ടമായി പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനുള്ളില്‍ തന്നെ സൗജന്യമായി പാര്‍ട്ണര്‍ സ്റ്റോറുകള്‍ ആരംഭിച്ചുകൊണ്ട് ആര്‍ക്കും ബിസിനസ് നടത്താനും ലാഭ വിഹിതം നേടാനും കഴിയുമെന്നതാണ് ഫിജികാര്‍ട്ട്.കോമിന്റെ ഏറ്റവും വലിയ പ്രത്യേകത.