• സംസ്ഥാനത്തെ ഒരു സര്‍വകലാശാലയ്ക്കും ഈ അധ്യയന വര്‍ഷം വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നടത്താനാവില്ല.

     സംസ്ഥാനത്തെ ഒരു സര്‍വകലാശാലയ്ക്കും ഈ അധ്യയന വര്‍ഷം വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നടത്താനാവില്ല. യുജിസി അംഗീകാരം പിന്‍വലിച്ചതിനെ തുടര്‍ന്നാണു പ്രതിസന്ധി രൂപമെടുത്തത്. അതേസമയം ഓപ്പണ്‍ യൂണിവേഴ്‌സിറ്റി തുടങ്ങാനുള്ള പഠനം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആരംഭിച്ചിട്ടേയുള്ളൂ. യുജിസി നാക് അക്രഡിറ്റേഷനില്‍ 3.26 എന്ന എ പ്ലസ് ഗ്രേഡ് ലഭിച്ച സര്‍വകലാശാലകള്‍ മാത്രമെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നടത്താവൂ എന്നാണു നിര്‍ദ്ദേശം. കേരളത്തിലെ ഒരു സര്‍വകലാശാലയ്ക്കും ഈ യോഗ്യത ലഭിച്ചിട്ടില്ല. ഇതാണു വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കു താഴുവീഴാന്‍ കാരണം. ഇതോടെ കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തിവന്ന കോഴ്‌സുകളുടെ അംഗീകാരവും നഷ്ടപ്പെട്ടു. ഈ മനദണ്ഡങ്ങളില്‍ മാറ്റം വേണമെന്നാണു സര്‍ക്കാര്‍ യുജിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. യുജിസിയാകട്ടെ ഇളവ് അനുവദിക്കാന്‍ തയാറുമല്ല.
     
    ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യത ഇതോടെ ഇല്ലാതെയാകും. സര്‍വകലാശാലകളുടെ നിലവാരമുയര്‍ത്താനുള്ള നടപടികള്‍ ഉടനെ ഫലം കാണില്ലെന്നു സര്‍ക്കാരിനറിയാം. ആകെയുള്ള പോംവഴി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി തുടങ്ങുക എന്നതു മാത്രമാണ്. ഇതിനു വേണ്ടി ഡോ. ഫാത്തിമത്ത് സുഹ്‌റയുടെ നേതൃത്വത്തിലുള്ള സമിതി പഠനം ആരംഭിച്ചിട്ടേയുള്ളൂ. ഓപ്പണ്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയാലും യുജിസി അംഗീകാരം ലഭിക്കും വരെ ആ കോഴ്‌സുകള്‍ക്കും അംഗീകാരം ഉണ്ടാകില്ല.