• ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കരകയറ്റിയതു തന്റെ സര്‍ക്കാരെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.

     സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രിയും "വിജ്ഞാന കോശ"മായ ധനമന്ത്രിയും ചേര്‍ന്നു നശിപ്പിച്ച ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കരകയറ്റിയതു തന്റെ സര്‍ക്കാരെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്നോട്ടുള്ള വളര്‍ച്ചയ്ക്കാവശ്യമായ അടിത്തറയുള്ള ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണു ഇന്ത്യയുടേതെന്നും സ്വരാജ്യ മാസികയ്ക്കു സല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു. 2014ല്‍ തന്നെ ബാങ്കുകളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞു വായ്പ സംബന്ധമായ കാര്യങ്ങളില്‍ രാഷ്ട്രീയമായ ഇടപെടലുകളില്‍ അവസാനിപ്പിച്ച് ബാങ്കുകള്‍ക്കു സ്വാതന്ത്ര്യം നല്‍കിയെന്നു പറഞ്ഞ മോദി, ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചതിലും മോശമായിരുന്നെന്നും ബജറ്റ് തുകയുടെ കാര്യം പോലും സംശയത്തിലായിരുന്നെന്നും വ്യക്തമാക്കി.
     
    രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ വീണ്ടെടുക്കാന്‍ രാജനീതിക്കു പകരം രാഷ്ട്ര നീതി തിരഞ്ഞെടുക്കുകയായിരുന്നു. പ്രശ്‌നങ്ങളെ മറച്ചു വയ്ക്കുന്നതിനു പകരം അഭിമുഖീകരിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. സാമ്പത്തിക വിദഗ്ദ്ധനായ പ്രധാന മന്ത്രിയും വിഞ്ജാന കോശമായ ധനമന്ത്രിയും ഭരിച്ചിരുന്ന ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങള്‍ അവിശ്വസനീയമായിരുന്നു. ലോകത്തെ ദുര്‍ബലമായ അഞ്ചു സാമ്പത്തിക ശക്തികളില്‍ ഒന്നായിരുന്നു അന്നത്തെ ഇന്ത്യയെന്നും കാര്യങ്ങള്‍ വിശദീകരിച്ചു മോദി പറഞ്ഞു. "ഇന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ്. വിദേശ നിക്ഷേപം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ജിഎസ്ടി നടപ്പിലാക്കിയതോടെ എളുപ്പത്തില്‍ വ്യവസായ സൗഹാര്‍ദ രാജ്യമായി ഇന്ത്യ മാറി" അദ്ദേഹം പറഞ്ഞു. മൂന്നു ലക്ഷം ഗ്രാമ കേന്ദ്രീകൃതമായ സേവാ കേന്ദ്രങ്ങള്‍, 15,000 പുതു സംരംഭങ്ങള്‍, 48 ലക്ഷം വ്യവസായങ്ങളുെട രജിസ്‌ട്രേഷന്‍, വീടുകള്‍, പാലങ്ങള്‍,റോഡുകള്‍ എന്നിവയുടെ നിര്‍മാണം നടന്നതായും മോദി പറഞ്ഞു. 2017 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 41 ലക്ഷം ഔദ്യോഗിക തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 53 ലക്ഷം തൊഴിലവസരം സൃഷ്ടിച്ചുവെന്നു മുന്‍ കര്‍ണാടക സര്‍ക്കാരും 68 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നു ബംഗാള്‍ സര്‍ക്കാരും അവകാശപ്പെടുന്നു. സംസ്ഥാനങ്ങള്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ എങ്ങനെയാണു രാജ്യത്തു തൊഴിലവസരങ്ങളില്ലാവുന്നതെന്നു വിമര്‍ശനങ്ങള്‍ക്കു മറുപടിയായി മോദി പറഞ്ഞു.
     
    രാജ്യത്തു നടപ്പിലാക്കിയ വിപ്ലവകരമായ തീരുമാനങ്ങളുടെ പേരില്‍ രാഷ്ട്രീയമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായെങ്കിലും രാജ്യത്തിന്റെ മുന്നേറ്റത്തിനു വേണ്ടി അതു കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ഇതുവരെ 2.12 ലക്ഷം കോടി രൂപ കാര്‍ഷിക മേഖലയില്‍ വിനിയോഗിച്ചതായും മോദി വ്യക്തമാക്കി.