• ദിലീപിനെ "അമ്മ"യില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് സംഘടനയിലെ ഇടത് എംഎല്‍എമാരെ സിപിഎം തള്ളിപ്പറയില്ല.

     നടന്‍ ദിലീപിനെ "അമ്മ"യില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് സംഘടനയിലെ ഇടത് എംഎല്‍എമാരെ സിപിഎം തള്ളിപ്പറയില്ല. ഇക്കാര്യത്തില്‍ നടന്മാരായ മുകേഷിനോടും ഇന്നസന്റിനോടും കെ.ബി. ഗണേഷ്‌കുമാറിനോടും പാര്‍ട്ടി വിശദീകരണം തേടേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമെടുത്തു. വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കി പത്രക്കുറിപ്പ് ഇറക്കും. ദിലീപിനെ തിരിച്ചെടുത്തതിനെത്തുടര്‍ന്നു സംഘടനയിലെ ഇടതു ജനപ്രതിനിധികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിനില്ലെന്നായിരുന്നു മുകേഷിന്റെ നിലപാട്. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രതികരിക്കാനില്ലെന്ന് മറ്റൊരു വൈസ് പ്രസിഡന്റായ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയും പറഞ്ഞു. പ്രതികരിക്കാനില്ലെന്നാണ് അമ്മ മുന്‍ പ്രസിഡന്റും എംപിയുമായ ഇന്നസന്റും നിലപാടെടുത്തത്.
     
    അമ്മയെന്ന സ്വകാര്യ സംഘടനയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നാണു പാര്‍ട്ടിയുടെ നിലപാട്. ഇടത് അനുഭാവികളായ ജനപ്രതിനിധികളല്ല ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനു പിന്നില്‍. ഇവര്‍ക്കെതിരെ ഉണ്ടാകുന്നത് രാഷ്ട്രീയ ആക്രമണമാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. പാര്‍ട്ടി എന്നും ഇരകള്‍ക്കൊപ്പമാണ്. എന്നാല്‍ ഈ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ അനുവദിക്കില്ല. അതിനാല്‍ത്തന്നെ ഇവരില്‍നിന്നു വിശദീകരണം തേടേണ്ടെന്നും യോഗത്തില്‍ തീരുമാനമായി.