• മാംഗോ മെഡോസില്‍ വളരുന്ന ജൈവ ലോകം.

  സി.ഡി.സുനീഷ്.
   
   
  ജൈവ കവചങ്ങള്‍ തീര്‍ത്ത ,പരിസ്ഥിതി ആവാസ വ്യവസ്ഥയുടെ കണ്ണികള്‍ കൂട്ടിവെച്ച നിര്‍മ്മലമായ ജൈവ ലോകമാണ്  മാംഗോ മെഡോസ്.
  കോട്ടയം ജില്ലയിലെ കടുത്തുരുത്തി ആയാംകുടിയിലെ മുപ്പത് ഏക്കര്‍  ഭൂമിയും ഹരിതാഭ ഒരുക്കി  വളരുകയാണ്. ഭൂമിയില്‍  ജൈവ ലോകത്തിന്റെ പറുദീസ തീര്‍ക്കാന്‍ നിയോഗിക്കപ്പെട്ട പോലെ, കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇന്ത്യയിലും വിദേശത്തുമായി ഒരു ലക്ഷത്തോളം  കിലോ മീറ്റര്‍ സഞ്ചരിച്ചാണ്, പ്രവാസിയായ കടുത്തുരുത്തി കളപ്പുരക്കല്‍ നെല്ലിക്കുഴി കുര്യാക്കോസ്  മകന്‍ എന്‍.കെ. കുര്യന്‍ മാവിന്‍ തണലില്‍ എന്നര്‍ത്ഥം വരുന്ന മാംഗോ മെഡോസിലെ ജൈവ സസ്യലോകം  കണ്ടെത്തി വളര്‍ത്തിയെടുത്തത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ജൈവ ആവാസ പ്രവിശ്യകള്‍ക്ക് പുറമേ, ഗല്‍ഫ് രാജ്യങ്ങള്‍, ഈജിപ്റ്റ്, ഇസ്രായേല്‍, ലബനന്‍ എന്നീ രാജ്യങ്ങളിലും   സസ്യ ലോകം തേടി കുര്യന്‍  സഞ്ചരിച്ചു  കഴിഞ്ഞു. ഇവിടെ ജൈവലോകം ആദ്യം സൃഷ്ടിക്കപ്പെട്ടു. ഇപ്പോള്‍  വളരുന്നു.വളര്‍ത്തുന്നു.കാവലാളാകുന്നു , കുര്യനും ടീം മാംഗോസും. 4800 ഓളം സസ്യജനുസുക്കള്‍,700 വൃക്ഷയിനങ്ങള്‍, 146 ഇനം  പച്ചക്കറി, 101 ഇനം  മാവുകള്‍, 21 ഇനം  പ്ലാവുകള്‍ 301 തരം  വാഴകള്‍, 25 വളര്‍ത്തു മൃഗങ്ങള്‍,64 തരത്തിലെ മത്സ്യ കൂട്ടങ്ങള്‍, പക്ഷികളുടേയും  പൂമ്പാറ്റകളുടേയും  ഉദ്യാനവുമായിരിക്കയാണിവിടെ.
  പാരമ്പര്യ കാര്‍ഷിക കുടുംബത്തില്‍ പെട്ട കുര്യന്‍ ,ആയുസ്സിന്റെ പകുതിയോളം ചിലവഴിച്ച സമ്പാദ്യമായ 107 കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞു ,ഈ ജൈവ പറുദീസ ഒരുക്കാന്‍. പ്രകൃതിയുടെ നൈര്‍മ്മല്യത്തിലും മന്ദസ്മിതങ്ങളിലും അലിഞ്ഞലിയാന്‍ പറ്റിയ ഇടമായിരിക്കയാണ് ഇന്ത്യയിലെ  പ്രഥമ കാര്‍ഷിക ജൈവ വൈവിധ്യ ഉദ്യാനം. മാതൃകാ സംരംഭകന്‍ മാത്രമല്ല ചെയ്യുന്ന കാര്യങ്ങളില്‍  അര്‍പ്പണത്തോടെ ,ത്യാഗത്തോടെയാണ് ഈ  ആശയത്തെ പ്രാവര്‍ത്തീകമാക്കുന്നത്. ജീവിതകാലമത്രയും താന്‍ സമ്പാദിച്ച തൊക്കെ നമുക്ക് നഷ്ടമാകുന്ന ദിനം മുന്നില്‍ വന്നുപ്പെട്ടാല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ? മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയെന്ന് മനസ്സിലാകുന്ന നിമിഷം പിന്നീടുള്ളത് ഭ്രാന്തമായ അവസ്ഥയായിരിക്കും. നാട്ടിലും വീട്ടിലും  താന്‍ അപമാനിതനാകുന്നു എന്നു കൂടി ആയാലോ? തുടര്‍ന്നുള്ള ചിന്തകളും പ്രവര്‍ത്തികളും ഒരിക്കലും ഓര്‍ക്കാന്‍ പോലും പറ്റാത്തതായിരിക്കും. രണ്ടര പതിറ്റാണ്ടു കൊണ്ട് മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി നേടിയ നൂറ് കോടിയോളം രൂപ കടലിലെ കായം പോലെ ഇല്ലാതാകുന്ന ഒരവസ്ഥയുണ്ടായിരുന്നു കോട്ടയം കടുത്തുരുത്തിയിലെ കളപ്പുരക്കല്‍ നെല്ലിക്കുഴി കുര്യാക്കോസിന്റെ മകന്‍ എന്‍.കെ. കുര്യന് .
  സൗദി അറേബ്യയിലും ദുബായിലുമായി 1995 മുതല്‍ ജോലി ചെയ്തും  ബിസിനസ് നടത്തിയും നേടിയ നാല്പത് കോടി രൂപ കടുത്തുരുത്തിയിലെ  ബാങ്ക്   അക്കൗണ്ടില്‍ സ്ഥിര നിക്ഷേപമിട്ടാണ് എന്‍.കെ. കുര്യന്‍ സ്വന്തം നാട്ടില്‍ ഒരു സംരംഭം തുടങ്ങാന്‍ ആലോചിച്ചത്. എല്ലാവരെയും വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായിരുന്നു മനസ്സ് നിറയെ .ഇത്രയും കോടിയുടെ സ്ഥിര നിക്ഷേപമുള്ളതിനാല്‍ ആവശ്യത്തിന് വേണ്ട തുക ബാങ്കില്‍ നിന്ന് വായ്പ കിട്ടുമെന്ന് പ്രതീക്ഷിച്ചു. നിക്ഷേപം കൂടി കൊണ്ടിരുന്നപ്പോള്‍ ചിരിച്ചു കൊണ്ട് സ്വീകരിച്ചവര്‍ വായ്പയുടെ കാര്യം വന്നപ്പോള്‍  മുഖത്തെ ഭാവം മാറ്റി.. അങ്ങനെ നാട്ടിലെ എല്ലാ ബാങ്കുകളെയും സമീപിച്ചു. ഒടുവില്‍ സ്ഥലം ഈട്  നല്‍കി 13 കോടി രൂപ വായ്പ നല്‍കാന്‍ കൊശമറ്റം ഫിനാന്‍സ് എന്ന ധനകാര്യ സ്ഥാപനം തയ്യാറായി. വായ്പയെടുത്ത പണം കൊണ്ട്  മാംഗോ മെഡോസിന്റെ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടേയിരുന്നു. വലിയ സംരംഭമായതിനാല്‍  പിന്നെയും കോടികള്‍ ആവശ്യമായി വന്നു.അങ്ങനെയാണ് കെ.എഫ്. സി.യെ വായ്പക്കായി സമീപിക്കുന്നതും ബാങ്കുകള്‍ തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി വായ്പ നിഷേധിക്കുന്നതും .13 കോടി രൂപയുടെ വായ്പക്ക് 25 ലക്ഷം രൂപയാണ് മാനേജര്‍ കൈക്കൂലി ചോദിച്ചത്. കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തങ്കിലും സമയത്ത് പണം കിട്ടാത്തതിനാല്‍ പണികള്‍ മുടങ്ങി. ആ ഇടക്കാണ് ഒരു ടി. വി പരിപാടിയുടെ ഷൂട്ടിംഗിനായി  ജയ്ഹിന്ദ്     ചാനലില്‍ നിന്ന് രണ്ട് പേര്‍ വന്നത്. അഭിമുഖത്തിനിടെ സാമ്പത്തിക പ്രശ്‌നങ്ങളും ബാങ്ക്  മാനേജര്‍ക്ക് കൈക്കൂലി കൊടുക്കാത്തതിനാല്‍ വായ്പ കിട്ടാത്ത കാര്യവും സൂചിപ്പിച്ചു. അവര്‍ അത് വലിയ വാര്‍ത്തയാക്കി. മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു. പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുകയും ധനകാര്യ മന്ത്രി പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തങ്കിലും മന്ത്രിയുടെ നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു.
  ജോലികളെല്ലാം മുടങ്ങിയത് നാട്ടില്‍ പാട്ടായതോടെ ആകെ നിരാശയായിരുന്നു മനസ്സ് നിറയെ. പണം കൊടുക്കാനുള്ളവരോട് അവധി പറഞ്ഞ് മടുത്തു. സ്വപ്നങ്ങളെല്ലാം അവസാനിപ്പിക്കാന്‍ മാനസികമായി തയ്യാറെടുത്തു. കൊശമറ്റത്തിലെ വായ്പ കുടിശ്ശികയായി 18 കോടിയിലെത്തി. മറ്റുള്ളവര്‍ പണം തിരിച്ചു ചോദിച്ചു സ്ഥിരമായി  വീട്ടിലേക്ക്     വരാന്‍ തുടങ്ങി. മുമ്പില്‍ ഒന്നുകില്‍ മരണം അല്ലങ്കില്‍ നാട് വിടല്‍. രണ്ടിനും മനസ്സ് വരുന്നില്ല. നട്ട് നനച്ച് കണ്ണിലുണ്ണിയായി വളര്‍ത്തിയ ചെടികളെയും മരങ്ങളെയും വിട്ടു പോകാന്‍ മനസ്സ് അനുവദിച്ചില്ല. എങ്കിലും പണം കൊടുക്കാനുള്ളവരുടെ മുമ്പില്‍ തല്‍കാലത്തേക്കെങ്കിലും രക്ഷപ്പെടണം. ആ " മുങ്ങലി"ന്റെ ഭാഗമായി ഭാര്യയെയും  മൂന്ന്  മക്കളെയും കൂട്ടി വൈക്കം പാലേക്കരയിലുള്ള ഫിഷ് ഫാം കാണാന്‍ പോയി. ആ മുങ്ങല്‍ യാത്രയാണ് ജീവിതത്തില്‍ വലിയ യാത്രയായത്. കാരണം അവിടെ വരുന്ന സഞ്ചാരികളുടെ എണ്ണവും മീന്‍ വളര്‍ത്തി കൊണ്ട് എങ്ങനെ ജീവിതവിജയം നേടാമെന്നതിന്റെ ചിന്തയും മനസ്സില്‍ ഉയരുന്നത് അവിടെ വച്ചാണ്. ജോലികള്‍ ഏകദേശം പൂര്‍ത്തിയാക്കാനായിരുന്നങ്കിലും  ടിക്കറ്റ് നല്‍കി ആളുകളെ അതുവരെ  ഈ കാര്‍ഷിക-  പരിസ്ഥിതി പാര്‍ക്കിലേക്ക്  കയറ്റി വിട്ടിരുന്നില്ല. പാലക്കര ഫിഷ് ഫാമില്‍ പോയി വന്നതിന് ശേഷമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇവിടേക്ക് ചെറിയ ടിക്കറ്റില്‍ ആളെ കയറ്റിയത് . 
   
  പണി പൂര്‍ത്തിയായിട്ടില്ലന്ന് പറഞ്ഞ് തന്നെയാണ് സന്ദര്‍ശകരെ  പ്രവേശിപ്പിച്ചത്. ആദ്യദിനം നൂറില്‍ താഴെയായിരുന്നു പാര്‍ക്കില്‍ പ്രവേശിച്ചവരുടെ എണ്ണം .പിന്നീട് , ഇരുനൂറ്, മുന്നൂറ് , അഞ്ഞൂറ് വരെയായി.. കഴിഞ്ഞ പ്രധാന സീസണില്‍ ചില ദിവസങ്ങളില്‍ 1600 പേര്‍ വരെ ഇങ്ങനെ  പാര്‍ക്കില്‍ പ്രവേശിപ്പിച്ചു. പ്രവേശനം നേടാന്‍ കഴിയാത്തവര്‍ ബഹളമുണ്ടാക്കിയതിനാല്‍ ഗെയിറ്റിന് മുമ്പില്‍ ലാത്തിചാര്‍ജ് വരെ അരങ്ങേറി.  വരുമാനം കൂടി. ജോലിക്കാരുടെ എണ്ണവും വര്‍ദ്ധിച്ചു. വായ്പ തന്നവര്‍ മാംഗോ മെഡോസിന്റെ   വളര്‍ച്ചയില്‍ കണ്ണും നട്ടിരിക്കുകയാണിപ്പോള്‍.   107 കോടി രൂപയാണ് ഇതിനകം കുര്യന്‍ ഒറ്റക്ക് മുതല്‍ മുടക്കിയിട്ടുള്ളത്. ഇനി വെറും അഞ്ച് കോടി രൂപ മാത്രം കൂടി ഉണ്ടായാല്‍ ഒന്നാം ഘട്ടം ഉദ്ഘാടനത്തിനായി പൂര്‍ത്തിയാക്കാനാകും.
   
  സമതല പ്രദേശത്ത് തണല്‍ വിരിച്ച് നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ നിരന്ന പാതയില്‍ ഇന്റര്‍ലോക്ക് ടൈല്‍ വിരിച്ചതിനാല്‍   വൃദ്ധ ജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അനായാസം നടന്ന് കാണാന്‍ കഴിയുന്നു. അതു കൊണ്ടു തന്നെ സന്ദര്‍ശകരില്‍  വലിയൊരു വിഭാഗം ഭിന്നശേഷിക്കാരും   വൃദ്ധരും  അവരുടെ കുടുംബാംഗങ്ങളുമാണ്. ഇത് തങ്ങളുടെ ഇടമുാണന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് കുര്യന്‍ പറയുന്നു. കേരളത്തിന്റെ ഏത് ഭാഗത്തു നിന്നും വരുന്നവര്‍ കടുത്തുരുത്തിയിലെത്തിയാല്‍ അവിടെ നിന്നും ആയാം കുടിയിലെ മാംഗോ മെഡോസിലേക്ക് പോകാം. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് പ്രവേശനം. കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും ചിലവഴിക്കാന്‍ തരത്തില്‍ വേണം വരാന്‍. നീന്തല്‍ കുളവും ചൂണ്ടയിടലും റൈഡിംഗും ഉപയോഗിക്കാന്‍ ഉദ്ദേശമുണ്ടങ്കില്‍ ഈ സമയം മതിയാകില്ല.
   
  പ്രദേശത്തെ  500 കുടുംബങ്ങളുടെ ക്ലസ്റ്റര്‍ ഉണ്ടാക്കി അവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്താനായി പദ്ധതി ആവിഷ്‌കരിക്കയാണ് കുര്യന്‍
  ഭൂമിയുടെ  പാരസ്പര്യങ്ങളുടെ  കണ്ണികള്‍ ചേര്‍ത്ത് വെച്ച് ,അവക്ക് തണലായും  ഉയിരായും  മാംഗോ മെഡോസിലെ  അജപാലകനായി കുര്യന്‍ നമ്മെ  വിളിക്കുന്നു വരൂ ഈ  ജൈവ സംസ്‌കൃതിയിലെ ഓരോ  കണ്ണികളാകാനും  വരും തലമുറക്കായി  ഹരിത കവചങ്ങള്‍  ഒരുക്കാനും...