• പ്രമുഖ നടീനടന്മാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ പൊലീസ് നിരീക്ഷിച്ചതായി സൂചന.

    "അമ്മ"യുടെ പൊതുയോഗത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ പ്രമുഖ നടീനടന്മാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ പൊലീസ് നിരീക്ഷിച്ചതായി സൂചന. നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണം നേരിടുന്ന നടന്‍ ദിലീപിന് അനുകൂലമായി കേസിലെ പ്രധാന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇത്.
     
    മലയാളത്തിലെ മുന്‍നിര നടിയുടെ സമീപകാല നീക്കങ്ങളും അന്വേഷണ സംഘത്തിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന 20 സാക്ഷികളുടെ മൊഴികള്‍ വിചാരണഘട്ടത്തില്‍ പ്രോസിക്യൂഷനു നിര്‍ണായകമാണ്. ഈ സാഹചര്യത്തില്‍ എത്രയും വേഗം സാക്ഷിവിസ്താരം ആരംഭിക്കാനാണു പ്രോസിക്യൂഷന്റെ ശ്രമം. കേസിലെ സാക്ഷികള്‍ക്കു മുന്‍നിര താരങ്ങളുടെ നിര്‍മാണ ഘട്ടത്തിലുള്ള ചിത്രങ്ങളില്‍ മികച്ച റോളുകള്‍ വാഗ്ദാനം ചെയ്തതായി രണ്ടു മാസം മുന്‍പേ പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനുള്ള പ്രതിഫലമായി വന്‍തുക കൈമാറാമെന്നും വാഗ്ദാനമുണ്ട്. കേസിന്റെ സാക്ഷി വിസ്താരം വൈകിക്കാനുള്ള പ്രതികളുടെ ബോധപൂര്‍വമായ ശ്രമം ഇതിന്റെ ഭാഗമാണെന്നു പൊലീസ് സംശയിക്കുന്നു.
     
    കേസിലെ സാക്ഷി വിസ്താരം വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നതിനെതിരെ വിചാരണക്കോടതിയും കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. അമ്മയുടെ നേതൃനിരയിലേക്കു ദിലീപിനെ തിരിച്ചെത്തിക്കാനുള്ള നീക്കത്തിന് ഒരു നിര്‍മാതാവും സംവിധായകനും ചരടുവലിച്ചതായി അമ്മയിലെ ചിലരുടെ ഫോണ്‍ സംഭാഷണങ്ങളില്‍നിന്ന് അറിയാനായെന്നു പൊലീസ് സൂചിപ്പിക്കുന്നു. നിര്‍മാണത്തില്‍ നടന്‍ ദിലീപിനു നേരിട്ടു പങ്കാളിത്തമുള്ള രണ്ടു സിനിമകള്‍ അടക്കം അഞ്ചു മലയാള സിനിമകളുടെ നിര്‍മാണം പൊലീസിന്റെ നിരീക്ഷണത്തില്‍. കേസിലെ സാക്ഷിപ്പട്ടികയിലുള്ളവര്‍ ഈ സിനിമകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണിത്. ജൂലൈ 11നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.