• വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തില്‍ ചട്ടി വിവാദം കൊഴുക്കുന്നു.

     വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തില്‍ ചട്ടി വിവാദം കൊഴുക്കുന്നു. പച്ചക്കറി കൃഷി പദ്ധതിക്കായി ചട്ടി വാങ്ങിയതില്‍ വന്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചു കോണ്‍ഗ്രസിന്റെ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മൈലം ഗണേഷ്, സാലിക്കുട്ടി തോമസ്, സൂസന്‍ തങ്കച്ചന്‍ എന്നിവര്‍ വിജിലന്‍സില്‍ പരാതി നല്‍കി. ഇന്നലെ വിശദീകരണ യോഗവും നടത്തി. ആറ് പഞ്ചായത്തുകളിലെ അങ്കണവാടി മുതല്‍ 10ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കു സ്‌കൂള്‍ വളപ്പില്‍ പച്ചക്കറി കൃഷി നടത്താന്‍ 10,000 ചട്ടികള്‍ വാങ്ങിയതിലാണ് അഴിമതി ആരോപണം.
     
    137 രൂപ നിരക്കിലാണു ചട്ടി വാങ്ങിയത്. വിപണിയില്‍ 5055 രൂപ വിലയുള്ള സിമന്റ് ചട്ടിയാണു വന്‍ വില നല്‍കി വാങ്ങിയത്. പദ്ധതിക്കായി 30 ലക്ഷം രൂപയാണു വകയിരുത്തിയത്. മണ്ണും ജൈവവളവും നിറച്ചു പച്ചക്കറി തൈകള്‍ നട്ട ചട്ടികള്‍ സ്‌കൂളുകളിലും അങ്കണവാടികളിലും എത്തിക്കുന്നതാണു പദ്ധതി. മൈലം പള്ളിക്കലുള്ള കൃഷിവകുപ്പിന്റെ അഗ്രോസെന്ററിന്റെ മറവിലാണു വെട്ടിപ്പ് നടന്നതെന്നാണ് ആരോപണം. ചട്ടികളില്‍ മണ്ണ് നിറയ്ക്കുന്നതിനായി ഭൂമാഫിയയുടെ സഹായം തേടിയതായും പാസ് ഉപയോഗിച്ചു വന്‍തോതില്‍ കുന്നിടിച്ചു മണ്ണെടുത്തതായും പ്രതിനിധികള്‍ ആരോപിക്കുന്നു. സമാന ഗുണനിലവാരത്തിലുള്ള സിമന്റ് ചട്ടികള്‍ മൂന്നിലൊന്നു വിലയ്ക്കു ലഭ്യമാകുന്ന സാഹചര്യത്തില്‍ അഴിമതി ലക്ഷ്യമിട്ടാണു പദ്ധതി നടപ്പാക്കിയത്. കാര്‍ഷികമേഖലയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണു ചട്ടി പദ്ധതി ലക്ഷ്യമിട്ടതെന്നും ഗൂഢനീക്കമാണ് എല്‍ഡിഎഫ് ഭരണസമിതി നടത്തിയതെന്നും അംഗങ്ങള്‍ ആരോപിച്ചു.