• പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനത്തില്‍ പ്രതിഷേധം ശക്തം.

     കൊല്ലത്തുനിന്നു പുനലൂര്‍ ഭാഗത്തേക്കുള്ള രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനത്തില്‍ പ്രതിഷേധം ശക്തം. റെയില്‍വേയുടെ ജനവിരുദ്ധ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു സിപിഎം പുനലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 22നു രാവിലെ 10നു പുനലൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തുമെന്ന് ഏരിയ സെക്രട്ടറി എസ്.ബിജു അറിയിച്ചു.
    കൊല്ലത്തുനിന്ന് ദിവസവും 6.25നു പുറപ്പെടുന്ന കൊല്ലം  പുനലൂര്‍ പാസഞ്ചറും 8.40നു പുറപ്പെടുന്ന കൊല്ലം  ഇടമണ്‍ പാസഞ്ചറുമാണ് നിര്‍ത്തലാക്കാന്‍ കഴിഞ്ഞ 12നു റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കിയിട്ടുള്ളത്. രാവിലെ 10.30നു കൊല്ലത്തു നിന്നു പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്നാണ് റെയില്‍വേയുടെ വാദം. 
     
    എന്നാല്‍ ഈ ട്രെയിന്‍ വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും പ്രയോജനപ്പെടില്ല. കൊല്ലത്തു നിന്നു 11.20നു പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിനും നിര്‍ത്തലാക്കാനാണ് നീക്കം. ചെങ്കോട്ട  പുനലൂര്‍ ബ്രോഡ് ഗേജ് പാതയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നിട്ടും ട്രെയിന്‍ സര്‍വീസുകള്‍ ഇടമണില്‍ അവസാനിപ്പിക്കുകയാണ്. ട്രെയിനുകള്‍ ചെങ്കോട്ട വരെ ദീര്‍ഘിപ്പിക്കാനും താംബരം എക്‌സ്പ്രസ് എല്ലാ ദിവസവും സര്‍വീസ് നടത്തുമെന്ന റെയില്‍വേ സഹമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കാനും അധികൃതര്‍ തയാറായിട്ടില്ല.