• ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് വി.എം.സുധീരന്‍.

     മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് വി.എം.സുധീരന്‍. തന്നെ കെപിസിസി അധ്യക്ഷനായി നിയമിച്ചതില്‍ ഉമ്മന്‍ ചാണ്ടിക്കു നീരസമായിരുന്നുവെന്നു വി.എം.സുധീരന്‍. പലതവണ ഫോണില്‍ വിളിച്ചിട്ടും താല്‍പര്യമില്ലാത്ത തരത്തിലായിരുന്നു പെരുമാറ്റം. പിന്നീട് വീട്ടില്‍ പോയി കണ്ടിട്ടും മുഖത്തുണ്ടായിരുന്നതു നീരസം മാത്രമായിരുന്നു. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തിലാണു തന്നെ അധ്യക്ഷനാക്കിയത്. ആരും കെട്ടിയിറക്കിയതല്ല. താന്‍ അയോഗ്യനുമല്ല. വ്യക്തി താല്‍പര്യങ്ങളില്ലെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തിന് തന്നോട് അകല്‍ച്ചയായിരുന്നു. താന്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍പോലും അദ്ദേഹം പങ്കെടുത്തിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷനായിരിക്കെ താന്‍ നടത്തിയ രണ്ടു ജാഥകളും പരാജയപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചിരുന്നു. ജാഥകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹത്തിനു പ്രസംഗത്തില്‍ തന്റെ പേരുപറയാന്‍ പോലും മടിയായിരുന്നു. കാശെറിയാതെ ശംഖുമുഖത്ത് ആളുവരില്ലെന്നായിരുന്നു ഒരു നേതാവിന്റെ പ്രസ്താവന. രണ്ടു ഗ്രൂപ്പ് നേതാക്കളും സഹകരിക്കാതിരുന്നിട്ടും ശംഖുമുഖം നിറഞ്ഞുകവിഞ്ഞു. കോട്ടയത്തുവച്ച് ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ചതിനുശേഷമാണു ജാഥകളില്‍ അദ്ദേഹം തന്നെ പിന്തുണച്ചത്. തന്റെ പേരു പറയാന്‍ പോലും തയാറായത് അതിനുശേഷമാണ്.
     
    കരുണ എസ്റ്റേറ്റ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതു ചോദ്യം ചെയ്ത തന്നോട് ഉദ്യോഗസ്ഥരെ എങ്ങനെ "ലെറ്റ് ഡൗണ്‍" ചെയ്യാന്‍ സാധിക്കുമെന്നാണ് ഉമ്മന്‍ ചാണ്ടി ചോദിച്ചത്. ജനങ്ങളെ എങ്ങനെ "ലെറ്റ് ഡൗണ്‍" ചെയ്യാന്‍ ആകുമെന്ന് താനും ചോദിച്ചു. പിന്നീടു നടന്ന യോഗത്തില്‍ എംഎല്‍എമാര്‍ പോലും അദ്ദേഹത്തിനെതിരെ ശക്തമായ വിര്‍ശനമുന്നയിച്ചു. അതോടെ അദ്ദേഹം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീടാണ് ഈ കൊള്ള അനുവദിക്കാനാകില്ലെന്ന് താന്‍ നിലപാടെടുത്തതെന്നും സുധീരന്‍ പറഞ്ഞു.
     
    മദ്യനയമാണ് തോല്‍വിക്ക് കാരണമെന്നാണ് ഇന്നലെത്തെ യോഗത്തിലും എ ഗ്രൂപ്പിലെ ചിലര്‍ പറഞ്ഞത്. നിയമം പാലിക്കാത്ത ബാറുകള്‍ പൂട്ടാന്‍ മാത്രമാണു ഞാന്‍ പറഞ്ഞത്. എല്ലാംകൂടി പൂട്ടാന്‍ പറഞ്ഞിട്ടില്ല. തനിക്ക് ലഭിച്ച ജനപിന്തുണയിലെ അസൂയമൂലമാണ് ബാറുകള്‍ ഉമ്മന്‍ ചാണ്ടി പൂട്ടിയത്. പ്രതിപക്ഷം ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നില്ലെന്നും സുധീരന്‍ വിമര്‍ശിച്ചു. കോവളം കൊട്ടാരം, ഹാരിസണ്‍ വിഷയങ്ങളില്‍ വേണ്ട രീതിയില്‍ പ്രതികരിച്ചില്ല. അരുവിക്കര തിരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കുന്നതിനിടെയാണ് വിഴിഞ്ഞം കരാറില്‍ അന്തിമ തീരുമാനമെടുക്കുന്നത്. എല്ലാവശങ്ങളും പരിഗണിക്കണമെന്ന എഐസിസിയുടെ നിര്‍ദേശം അവഗണിച്ചായിരുന്നു ഇത്. തിരഞ്ഞെടുപ്പായതിനാലാണ് അതിനെതിരെ ഒന്നും പറയാതിരുന്നതെന്നും സുധീരന്‍ പറഞ്ഞു. അതേസമയം, ഇന്നലെ കെപിസിസി യോഗത്തില്‍ അവസാനം താന്‍ സംസാരിക്കുമ്പോള്‍ ജൂനിയറായ രണ്ടുപേര്‍ ചാടിവീഴുകയാണ്. ആ രണ്ട് യുവ സുഹൃത്തുക്കളുടെ നടപടി എന്റെ മനസസിന് ഏറ്റവും വിഷമമുണ്ടാക്കി.  ആ ആഘാതത്തിലാണ് ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രാജിയെപ്പറ്റി പറയേണ്ടിവന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.