• സൈനികന്റെ കുടുംബത്തിനു വീട്ടുനമ്പര്‍ ലഭിക്കുന്നതിലെ തടസ്സം മാറ്റി; നഗരസഭ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍

     സൈനികന്റെ കുടുംബത്തിനു വീട്ടുനമ്പര്‍ ലഭിക്കുന്നതിലെ തടസ്സം മാറ്റാന്‍ അനധികൃത കെട്ടിട നിര്‍മാണം ക്രമവല്‍ക്കരിച്ചു നല്‍കുന്നതിനുള്ള പിഴത്തുക നഗരസഭ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് അടച്ചുവെന്നു ചെയര്‍മാന്‍ എം.എ.രാജഗോപാല്‍ അറിയിച്ചു. 20,000 രൂപയാണ് അടച്ചത്. സൈനികന്റെ കുടുബത്തിനു വീട്ടുനമ്പര്‍ ലഭിക്കാത്ത വിഷയത്തെ ചിലര്‍ രാഷ്ട്രീയവല്‍ക്കരിച്ച് നഗരസഭാ ഭരണ സമിതിക്കെതിരെ കുപ്രചാരണങ്ങള്‍ നടത്തിയിരുന്നുവെന്നും പറഞ്ഞു. ഈ വിഷയം സംബന്ധിച്ചു സൈനികന്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നു വകുപ്പ് മന്ത്രിവരെ നേരിട്ട് ഇടപെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ വീട്ടുനമ്പര്‍ ലഭിക്കാന്‍ ഉടന്‍ പിഴ അടയ്ക്കാന്‍ കഴിയില്ലെന്ന് അപേക്ഷക അറിയിച്ചിരുന്നുവെന്നും അതിനാല്‍ കാലതാമസം ഒഴിവാക്കാന്‍ നഗരസഭ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ സിറ്റിങ് ഫീസില്‍ നിന്നു തുക നല്‍കുകയായിരുന്നെന്നും ചെയര്‍മാന്‍ പറഞ്ഞു. 2016 മാര്‍ച്ച് ഒന്നിനാണ് സൈനികന്റെ അമ്മ വീട് നിര്‍മാണ പെര്‍മിറ്റിന് അപേക്ഷ നല്‍കിയത്. റോഡില്‍ നിന്നു മൂന്നു മീറ്ററില്‍ കൂടുതല്‍ അകലം പാലിച്ചാണു വീട് നിര്‍മാണം നടത്തുകയെന്നു പെര്‍മിറ്റ് പ്ലാനില്‍ കാണിച്ചിരുന്നു. മാര്‍ച്ച് 10ന് പെര്‍മിറ്റ് നല്‍കി. 2016 ഡിസംബറില്‍ വീടിന്റെ പൂര്‍ത്തീകരണ പ്ലാന്‍ നഗരസഭയില്‍ നല്‍കി. 
     
    എന്നാല്‍ വീടിനു റോഡില്‍ നിന്ന് 1.20 മീറ്റര്‍ മാത്രമേ ദൂരപരിധിയുള്ളൂ എന്നു പ്ലാനില്‍ വ്യക്തമാക്കിയിരുന്നു. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചതിനാല്‍ പൂര്‍ത്തീകരണ പ്ലാന്‍ അംഗീകരിച്ചില്ല. എന്നാല്‍ റോഡ് നഗരസഭാ ആസ്തി റജിസ്റ്ററില്‍ ഇല്ലാത്തതിനാല്‍ മൂന്ന് മീറ്റര്‍ അകലം വേണ്ട എന്നായിരുന്നു അപേക്ഷകയുടെ നിലപാട്. 22നു സമിതി ജില്ലയിലെ ആദ്യത്തെ ക്രമപ്പെടുത്തല്‍ തീരുമാനമായി ഈ വിഷയം പരിഗണിച്ചു. നിര്‍മാണം ക്രമപ്പെടുത്താന്‍ 20,000 രൂപ നിയമാനുസരണം പിഴ ഈടാക്കാനായിരുന്നു തീരുമാനം. ഇക്കാര്യം 26ന് അപേക്ഷകയെ അറിയിച്ചു. എന്നാല്‍ ഉടന്‍ തുക അടയ്ക്കാനാകില്ല എന്നായിരുന്നു അപേക്ഷക അറിയിച്ചതെന്നും ചെയര്‍മാന്‍ എം.എ.രാജഗോപാല്‍, ഉപാധ്യക്ഷ കെ.പ്രഭ എന്നിവര്‍ പറഞ്ഞു.