• നിപ്പ: അടിയന്തരപ്രമേയത്തിന് അനുമതി

     കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ അടിയന്തരപ്രമേയവുമായി പ്രതിപക്ഷം. എം.കെ. മുനീറാണു നോട്ടിസ് നല്‍കിയത്. നിപ്പയെക്കുറിച്ചു സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടക്കുന്നുവെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിനു പ്രതിപക്ഷം അനുമതി നല്‍കിയതോടെ 12.30നു ചര്‍ച്ച തുടങ്ങും. ഈ സര്‍ക്കാരിന്റെ കാലത്ത് ആദ്യമായിട്ടാണ് ഒരു അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നല്‍കുന്നത്. നിയമസഭയുടെ ഇന്നത്തെ എല്ലാ നടപടിക്രമങ്ങളും മാറ്റിവച്ചാണു ചര്‍ച്ച നടത്തുക. ഇതേത്തുടര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ സഭയില്‍ നടത്താനിരുന്ന പ്രസ്താവന വേണ്ടെന്നു വച്ചു. നിയമസഭാ ചട്ടം 300 അനുസരിച്ചാണു മന്ത്രി പ്രത്യേക പ്രസ്താവന നടത്താനിരുന്നത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാകുന്നതു തന്നെ അപൂര്‍വമായിട്ടാണ്.
     
    അതിനിടെ, പെട്രോള്‍, ഡീസല്‍ വില വര്‍ധനയെക്കുറിച്ചു പ്രതിപക്ഷനേതാവ് നിയമസഭയിലുന്നയിച്ച ചോദ്യത്തിനിടെ സ്പീക്കര്‍ ഇടപെട്ടതിനെച്ചൊല്ലി നിയമസഭയില്‍ ബഹളമുയര്‍ന്നു. പ്രതിപക്ഷ എംഎല്‍എമാര്‍ ചോദ്യം ചോദിക്കുമ്പോള്‍ ഇടപെടുന്ന സ്പീക്കറുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്നു ചെന്നിത്തല പറഞ്ഞു.