• ഏലം ഇ-ലേലം: ഓണ്‍ലൈന്‍ പേയ്‌മെന്റ് സെറ്റില്‍മന്റ് സംവിധാനമെന്ന ശുപാര്‍ശയുമായി സ്‌പൈസസ് ബോര്‍ഡ്

  സി.ഡി.സുനീഷ്
   
   ഏലം ഇ-ലേലത്തിലെ പണമിടപാടുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ പേയ്‌മെന്റ് സെറ്റില്‍മന്റ് സംവിധാനത്തില്‍ കൊണ്ടു വരാന്‍ സ്‌പൈസസ് ബോര്‍ഡ് ശുപാര്‍ശ ചെയ്തു. സ്‌പൈസസ് ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പുറ്റടി ഇ-ലേലകേന്ദ്രം സന്ദര്‍ശിച്ച ബാങ്കധികൃതര്‍ ഇതിന്റെ സാധ്യത പരിശോധിക്കുകയും അത് പ്രകാരം എസ്‌ക്രോ സെറ്റില്‍മന്റ് മാതൃക സ്‌പൈസസ് ബോര്‍ഡിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു.
  കര്‍ഷകന് നല്‍കുന്ന പണവും ലേലം നടത്തുന്നയാളുടെ കമ്മീഷനും പൂര്‍ണമായും  പ്രസ്തുത ബാങ്കിന്റെ സ്‌പൈസസ് ബോര്‍ഡ് സെറ്റില്‍മന്റ് അക്കൗണ്ട് വഴിയാകും നല്‍കേണ്ടത്. കര്‍ഷകര്‍ക്ക് പണം നല്‍കുന്നത് മുടങ്ങുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്താനും പണമിടപാടുകളില്‍  കൂടുതല്‍ സുതാര്യത വരുത്താനുമാണ് സ്‌പൈസസ് ബോര്‍ഡ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
   
  ഇ-ലേലം, ഓരോ ലോട്ടുകളും വാങ്ങിയവര്‍, കുടിശ്ശിഖ, ലേലം നടത്തുന്നവര്‍ക്കുള്ള കമ്മീഷന്‍ തുടങ്ങിയ എല്ലാ നടപടികളും സ്‌പൈസസ് ബോര്‍ഡിന് പുതിയ സെറ്റില്‍മന്റ് സംവിധാനത്തിലൂടെ ഓണ്‍ലൈനായി നിരീക്ഷിക്കാനാകും. സ്‌പൈസസ് ബോര്‍ഡ് പത്രക്കുറിപ്പ് അറിയിപ്പായി കണക്കിലെടുത്ത് ശുപാര്‍ശയില്‍ കര്‍ഷകര്‍, വില്‍പനക്കാര്‍, ലേലം നടത്തുന്നവര്‍ തുടങ്ങിയവര്‍ക്ക് അഭിപ്രായമറിയിക്കാം. ഏലം വാങ്ങുന്നവര്‍, കൃഷിക്കാര്‍, ലേലം നടത്തുന്നവര്‍ എന്നിവരെല്ലാം ഓണ്‍ലൈന്‍ പേയ്‌മെന്റ് സെറ്റില്‍മന്റ് സംവിധാനത്തില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തണം. ചെറുകിട, ഇടത്തരം കൃഷിക്കാര്‍ക്ക് ഇതിനായി വേണ്ട സഹായം സ്‌പൈസസ് ബോര്‍ഡ് നല്‍കും. തിരിച്ചറിയല്‍ പേരും പാസ് വേര്‍ഡും ലഭിച്ചു കഴിഞ്ഞാല്‍ കമ്പ്യൂട്ടര്‍, മൊബൈല്‍ ആപ്പ് എന്നിവ വഴി പേയ്‌മെന്റിന്റെ വിശദാംശങ്ങള്‍ തത്സമയം അറിയാന്‍ സാധിക്കും.
   
  ഏലം ഇ-ലേലത്തില്‍ സുതാര്യത, പണം കൈമാറ്റത്തില്‍ കൃത്യത, കാര്യക്ഷമത എന്നിവ ഉറപ്പാക്കാന്‍ ഈ നടപടിയിലൂടെ സാധിക്കുമെന്ന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ ജയതിലക് പറഞ്ഞു. ലേലം നടത്തുന്നവര്‍ക്കായുള്ള സി ഫോറം ഓണ്‍ലൈന്‍ സംവിധാനത്തില്‍ അപ്ലോഡ് ചെയ്യും. ലേലം കൊള്ളുന്നവര്‍ പ്രത്യേക അക്കൗണ്ടില്‍ പണം നിക്ഷേപിച്ചാല്‍ അതില്‍ നിന്ന് ലേലം നടത്തുന്നവരുടെ കമ്മീഷന്‍ കിഴിച്ച് പണം നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പോകുന്ന രീതിയിലാണ് സംവിധാനമെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. ലേലം കൊണ്ടവര്‍ ചരക്ക് കൊണ്ടു പോകണമെങ്കില്‍ ഓണ്‍ലൈന്‍ പണം അടച്ചതിന്റെ ചെലാന്‍ ലേലം നടത്തുന്നവരെ കാണിക്കേണ്ടതുണ്ട്. അതത് ലോട്ടിനനുസരിച്ചാണ് ഓണ്‍ലൈന്‍ സെറ്റില്‍മന്റ് സംവിധാനം ചെലാന്‍ തയ്യാറാക്കുന്നത്. അതിനാല്‍ തന്നെ ലേലം നടത്തുന്നവര്‍ ബാങ്ക് ഗ്യാരന്റി കാണിക്കേണ്ടി വരികയില്ല.