• തപാല്‍ പണിമുടക്കു പിന്‍വലിച്ചു.

    ജിഡിഎസ് ജീവനക്കാരുടെ ശമ്പളവര്‍ധന ആവശ്യപ്പെട്ട് പത്തു ദിവസമായി നടന്നു വന്ന തപാല്‍ പണിമുടക്കു പിന്‍വലിച്ചു. കേരളത്തിലെ പണിമുടക്ക് അവസാനിപ്പിക്കാന്‍ തിരുവനന്തപുരത്തു നടന്ന ചര്‍ച്ചയിലാണു തീരുമാനം. ശമ്പള വര്‍ധന സംബന്ധിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് ഉറപ്പുലഭിച്ചതിനെ തുടര്‍ന്നാണ് പണിമുടക്കു പിന്‍വലിക്കുന്നതെന്നു സംയുക്ത സമര സമിതി നേതാക്കള്‍ അറിയിച്ചു. തപാല്‍ വിതരണം  നാളെ മുതല്‍ പുനരാംഭിക്കും. കെട്ടിക്കിടക്കുന്ന തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്തു തീര്‍ക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി. 10,000 രൂപ അടിസ്ഥാന വേതനം, ആറു മാസം പ്രസവാവധി, അഞ്ചു ലക്ഷം രൂപ വരെ ഗ്രാറ്റുവിറ്റി, ഇഎസ്‌ഐ, ഇപിഎഫ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, ബ്രാഞ്ച് പോസ്റ്റ് ഓഫിസുകള്‍ക്കു കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുക (നിലവില്‍ കെട്ടിട വാടക നല്‍കുന്നതു പോലും ജിഡിഎസ് ജീവനക്കാരാണ്) തുടങ്ങിയവയായിരുന്നു സമരക്കാരുടെ ആവശ്യം. സമരം ഏറെ ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണു കേരളം.
     
    പോസ്റ്റല്‍ സേവിങ്‌സ് ബാങ്കില്‍നിന്നും നിക്ഷേപപദ്ധതികളില്‍നിന്നും പണം പിന്‍വലിക്കാനായിരുന്നില്ല. പിഎസ്സി ഉത്തരവുകള്‍ കാത്തിരിക്കുന്നവര്‍ ആശങ്കയിലാണ്. പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ അവശ്യ രേഖകളുടെ വിതരണത്തിലെ മുടക്കവും ആയിരങ്ങളെ വലച്ചിരുന്നു. ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ചയ്ക്കു തയാറാകണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.