• നിപ വൈറസ് ; ജില്ലാ കോടതി നിര്‍ത്തിവെക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശം.

     നിപ വൈറസ് ബാധിച്ച് ജില്ലാകോടതി സൂപ്രണ്ട് മരിച്ച സാഹചര്യത്തില്‍ ജില്ലാ കോടതി നിര്‍ത്തിവെക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ബാര്‍ അസോസിയേഷന്റെ ആവശ്യപ്രകാരം കളക്ടര്‍ ഹൈക്കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. അതേസമയം നിപ വൈറസ് ബാധ രണ്ടാംഘട്ടത്തിലേക്ക് കടക്കവേ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. കോഴിക്കോട് ജില്ലയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിപ ബാധിച്ച് ഒരാള്‍കൂടി മരിക്കുകയും രണ്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ പേരെ പരിശോധനക്ക് വിധേയമാക്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ഇത് സംബന്ധിച്ച പത്രക്കുറിപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്നലെ പുറത്തിറക്കി.
     
    കഴിഞ്ഞ മാസം അഞ്ചിനു രാവിലെ പത്ത് മുതല്‍ അഞ്ച് വരെയും പതിനാലിന് രാത്രി ഏഴ് മുതല്‍ ഒന്‍പതു വരെയും മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റി, സി.ടി. സ്‌കാന്‍ റൂം, വെയ്റ്റിങ് റൂം എന്നിവര്‍ സന്ദര്‍ശിച്ചവരും പതിനെട്ടിനും പത്തൊമ്പൊതിനും ബാലുശ്ശേരി താലൂക്ക് ആശുപത്രി ഉച്ചക്ക് രണ്ടുവരെ സന്ദര്‍ശിച്ചവരും സ്റ്റേറ്റ് നിപ സെല്ലില്‍ വിവരം അറിയിക്കണം എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 0495 2381000 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. രോഗം ബാധിച്ചു മരിച്ചവരുമായും ഇപ്പോള്‍ നിരീക്ഷണത്തിലിരിക്കുന്നവരുമായും ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാവരെയും കണ്ടെത്തുവാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. നിപ സെല്ലിലേക്ക് വിളിക്കുന്നവരുടെ വിവരങ്ങള്‍ യാതൊരു കാരണവശാലും പുറത്തുവിടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.