• ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം.

     ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരില്‍ ആദ്യമെണ്ണിയ തപാല്‍ വോട്ടുമുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി എല്‍ഡിഎഫിന് ഉജ്ജ്വല വിജയം. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എല്‍ഡിഎഫിനു മികച്ച ഭൂരിപക്ഷം നേടാനായത് അക്ഷരാര്‍ഥത്തില്‍ യുഡിഎഫിനെ ഞെട്ടിച്ചു. പ്രതിരോധക്കോട്ടകളിലെ വിള്ളലിന്റെ ശക്തി അപ്പോഴാണ് സ്ഥാനാര്‍ഥി ഡി. വിജയകുമാറും കൂട്ടരും തിരിച്ചറിഞ്ഞത്. ബിജെപി ശക്തികേന്ദ്രമായ തിരുവന്‍വണ്ടൂരും എല്‍ഡിഎഫ് പിടിച്ചു. ബിജെപി ഇവിടെ രണ്ടാമതാണ്. കേരള കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂരില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ 30 വര്‍ഷത്തെ എല്‍ഡിഎഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സജി ചെറിയാന്‍ നേടിയത്.
     
    തന്റെ പ്രതീക്ഷകള്‍ക്ക് അപ്പുറമാണ് വിജയമെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. ഇത്രയും ജനങ്ങള്‍ക്ക് എന്നെ ഇഷ്ടമാണെന്നു കരുതിയിരുന്നില്ല. എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്റെയും ക്രിസ്ത്യന്‍ സഭകളുടെയും വോട്ടുകള്‍ തനിക്കു ലഭിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിനുള്ള അംഗീകാരമാണിത്. ആഘോഷങ്ങള്‍ എല്ലാവരും ചേര്‍ന്നു നടത്തണമെന്നും പരിധിവിടരുതെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു. 
     
    അതേസമയം, ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഒരുമിച്ചെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ ആരോപിച്ചു. കോണ്‍ഗ്രസിനു വീഴ്ച പറ്റി. താഴേത്തട്ടില്‍ പ്രതിരോധിക്കാന്‍ ആളുണ്ടായില്ല. വീഴ്ചയുടെ കാരണം പാര്‍ട്ടി നേതൃത്വം ആലോചിക്കണമെന്നും തോല്‍വി സമ്മതിച്ച് വിജയകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് വോട്ടു മറിച്ചെന്ന് ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളയും ആരോപിച്ചു. മാന്നാര്‍ അതിന്റെ സൂചനയാണ്. വോട്ട് പര്‍ച്ചേസ് ചെയ്തു. ധനധാരാളിത്തം എല്‍ഡിഎഫിന്റെ മുഖമുദ്രയെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.