• മ്യൂസിയങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാകണം: ഡോ. ബി വേണുഗോപാല്‍

    പ്രത്യേക ലേഖകന്‍
     
     പൈതൃകത്തെക്കുറിച്ച് അറിയാനുള്ള മനുഷ്യാവകാശം പാലിക്കുന്നതില്‍ ഇന്ത്യയിലെ മ്യൂസിയങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ന്യൂഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയം ഫോര്‍ നാച്വറല്‍ ഹിസ്റ്ററി മുന്‍ ഡയറക്ടര്‍ ഡോ. ബി വേണുഗോപാല്‍ പറഞ്ഞു. മ്യൂസിയത്തിനെ പ്രാപ്യമാക്കുന്നതില്‍ സാമൂഹികമോ, ശാരീരികമോ ആയ പോരായ്മകള്‍ ജനങ്ങള്‍ക്ക് തടസമാകരുതെന്നും  അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ കലാ-സാംസ്‌കാരിക എന്‍സൈക്ലോപീഡിയ ആയ സഹാപീഡിയ ഇടപ്പള്ളി കേരള ചരിത്ര-സാംസ്‌കാരിക മ്യൂസിയത്തില്‍ സംഘടിപ്പിച്ച അഭിമുഖം സംഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വന്തം പൈതൃകത്തെക്കുറിച്ചറിയാനും അതില്‍ അഭിമാനം കൊള്ളാനും രാജ്യത്തെ എല്ലാ പൗര?ാര്‍ക്കും അവകാശമുണ്ട്. 2016 ലെ നിയമഭേദഗതിയോടെ ശാരീരിക വൈകല്യമുള്ള പൗര?ാര്‍ക്കു കൂടി പ്രാപ്യമാകുന്ന രീതിയിലേക്ക് മ്യൂസിയങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കേവലം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതു കൊണ്ടു മാത്രം കാര്യമില്ലെന്ന് ഡോ. വേണുഗോപാല്‍ പറഞ്ഞു. വ്യാപകമായ അവബോധം ജനങ്ങള്‍ക്കിടയില്‍ നല്‍കാന്‍ സാധിക്കണം. അതിനുള്ള നടപടികള്‍ രാജ്യത്തെ മ്യൂസിയങ്ങള്‍ എടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
     
    യൂറോപ്യന്‍ മ്യൂസിയങ്ങളില്‍ പ്രാധാന്യം നല്‍കുന്നത് സ്പര്‍ശ്യമായ പാരമ്പര്യങ്ങള്‍ക്കാണ്. എന്നാല്‍ ഇന്ത്യയിലെയും ഏഷ്യയിലെയും മ്യൂസിയങ്ങളുടെ പ്രമേയം തന്നെ അസ്പര്‍ശ്യങ്ങളായ പൈതൃകങ്ങളാണ്. ഇതിലൂടെ സാമൂഹികമായ സേവനം കൂടിയാണ് ഇവിടുത്തെ മ്യൂസിയങ്ങള്‍ നല്‍കുന്നത്. ഇവിടുത്ത സാമൂഹിക ജീവിതം പൈതൃകവും സംസ്‌കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നതാണ് ഇതിനു കാരണം.പ്രധാനമായും നാലു പ്രശ്‌നങ്ങളാണ് രാജ്യത്തെ മ്യൂസിയങ്ങള്‍ നേരിടുന്നത്. മ്യൂസിയങ്ങളുടെ നടത്തിപ്പിനും സംരക്ഷണത്തിനുമുള്ള ഫണ്ടില്ലെന്നതാണ് ഒന്നാമത്തെ കാരണം. സര്‍ക്കാര്‍ മ്യൂസിയങ്ങളില്‍ ഫണ്ടിനു പ്രശ്‌നമില്ല, എന്നാല്‍ സര്‍ക്കാര്‍ സഹായമില്ലാത്ത മ്യൂസിയങ്ങളില്‍ പണം പ്രധാന പ്രശ്‌നമാണ്. ചരിത്രത്തില്‍ താത്പര്യമുള്ള സുമനസുകള്‍ മുന്നോട്ടു വന്നാലേ ഈ പ്രശ്‌നം തീരുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. വൈദഗ്ധ്യമുള്ള ജീവനക്കാരെ കിട്ടാനില്ലാത്തതാണ് രണ്ടാമത്തെ പ്രശ്‌നം. മ്യൂസിയങ്ങളുടെ നടത്തിപ്പിലേക്ക് സാങ്കേതിക വിദ്യയുടെ സഹായം ഉള്‍പ്പെടുത്താത്തത് മറ്റൊരു പ്രശ്‌നമാണ്. മ്യൂസിയങ്ങളുടെ നടത്തിപ്പിനും പ്രചാരണത്തിനും പുത്തന്‍ വഴികള്‍ കണ്ടെത്തുന്നതും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്ന് ഡോ. വേണുഗോപാല്‍ പറഞ്ഞു.