• വെട്ടിപ്പുഴ തോടിനെ മാലിന്യ മുക്തമാക്കാന്‍ പുനര്‍ജ്ജനി പദ്ധതിയുമായി പുനലൂര്‍ നഗരസഭ

     കുടിനീരിന് ആശ്രയിക്കുന്ന കല്ലടയാറിനെ മലീമസമാക്കുന്ന വെട്ടിപ്പുഴ തോടിനെ ശുചീകരിച്ച് വീണ്ടെടുക്കാന്‍ നഗരസഭയൊരുക്കുന്ന പുനര്‍ജ്ജനി പദ്ധതിക്ക് പിന്തുണയുമായി നുറുകണക്കിനാളുകള്‍ ഒത്തുചേര്‍ന്നു. വെട്ടിപ്പുഴ തോടിനെ മാലിന്യ മുക്തമാക്കാന്‍ 20 മുതല്‍ 10 ദിനം നാടൊന്നടങ്കം ഒരേ മനസോടെ തങ്ങളാലാവും വിധം പരിശ്രമിക്കും. ശുചീകരണത്തില്‍ പങ്കുചേരുന്നവര്‍ക്കെല്ലാം കുടുംബശ്രീ പ്രവര്‍ത്തകര്‍ ഭക്ഷണ പൊതികള്‍ നല്‍കും. തുടര്‍ സാക്ഷരതാ പഠിതാക്കള്‍ നൂറു പേര്‍ വെട്ടിപ്പുഴ തോടിനെ വീണ്ടെടുക്കാന്‍ രംഗത്തിറങ്ങും.ജനപ്രതിനിധികള്‍ പൊതുപ്രവര്‍ത്തകര്‍ സന്നദ്ദ സംഘടനാ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍,വിവിധ വാര്‍ഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍ എസ് എസ് വാളന്റിയര്‍മാര്‍, ലൈബ്രറി പ്രവര്‍ത്തകര്‍ തുടങ്ങിയവ രൊക്കെ ശുചീകരണ ജോലികള്‍ക്കിറങ്ങാന്‍ സന്നദ്ദത അറിയിച്ചു. പുനലൂര്‍ രാജാ രോഹിണി ആഡിറ്റോറിയത്തില്‍ ചേര്‍ന്ന പുനര്‍ജ്ജനി പദ്ധതിയുടെ കൂട്ടായ്മ ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ഡോ. ടി എന്‍ സീമ ഉദ്ഘാടനം ചെയ്തു.
     
    വികസന രംഗത്ത് നേരിടുന്ന മുഖ്യ വെല്ലുവിളി മലിനീകരണമാണെന്നും മാലിന്യം സമൂഹത്തിന് ദുരിതമേകും വിധം പൊതു ഇടങ്ങളില്‍നിക്ഷേപികുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്നും കാന്‍സറും ജീവിത ശൈലീ രോഗങ്ങളും വര്‍ധിക്കാന്‍ കാരണം ഗുരുതരമായ മലിനീകരണമാണെന്നും ഓരോ ജലസ്രോതസും മാലിന്യ മുക്തമാക്കി വീണ്ടെടുക്കുമ്പോള്‍ സമൂഹത്തിന് ശരിയുടെ പാഠം പകര്‍ന്ന് നല്‍കുന്ന ദൗത്യമാണതെന്നും ടി എന്‍ സീമ പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍മാന്‍ എം എ രാജഗോപാല്‍ അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ സുഭാഷ് ജി നാഥ് സ്വാഗതവും വൈസ് ചെയര്‍പേഴ്‌സന്‍ കെ പ്രഭ നന്ദിയും പറഞ്ഞു.പൊതുപ്രവര്‍ത്തകരായ കെ ധര്‍മ്മരാജന്‍, സാബു അലക്‌സ്, കെ രാധാകൃഷ്ണന്‍ ,കെ രാജശേഖരന്‍,പ്രൊഫ പി കൃഷ്ണന്‍കുട്ടി ,ഹരിദാസ്, ജി ജയപ്രകാശ് ,വി പി ഉണ്ണികൃഷ്ണന്‍, എന്‍ മഹേശന്‍ ഭാസ്‌ക്കരന്‍ കുട്ടി, വി ഓമനക്കുട്ടന്‍, ബാല്‍ക്കോ സുധീര്‍ സുരേഷ് കുമാര്‍, സഞ്ജു ബുഖാരി, ജോബോയ് പെരേര,തസ്ലിമ ജേക്കബ്, എസ് രാജേന്ദ്രന്‍ നായര്‍, ലളിതമ്മ, എന്‍ പി ജോണ്‍, അശോക് ബി വിക്രമന്‍, പി വിജയന്‍ ,സുബി രാജ്, സുരേന്ദ്രനാഥ തിലകന്‍, ഇന്‍സ്‌പെക്ടര്‍ ബിനു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
     
    20ന് രാവിലെ 9 ന് കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്കടുത്ത് വെട്ടിപ്പുഴ തോട് ശുചീകരണം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും.22 വരെ പവര്‍ഹൗസ് വാര്‍ഡിലെ തൊഴിലുറപ്പ് പ്രവര്‍ത്തകരുള്‍പ്പടെ എല്ലാവരുടെയും പങ്കാളിത്തത്തോടെ ജയഭാരതം റോഡിലെ പാലം ഭാഗം വരെ ശുചീകരിക്കും. 23 മുതല്‍ 25 വരെ കോമളം കുന്ന് വാര്‍ഡ് മേഖലയില്‍ ചെമ്മന്തൂര്‍ വരെ തോട് ശുചീകരിക്കും. ഇതേ ദിവസങ്ങളില്‍ ഠൗണ്‍ വാര്‍ഡ് നേതൃത്വത്തില്‍ എല്ലാവരുടെയും പങ്കാളിത്തത്തോടെ ചെമ്മന്തൂര്‍ കലുങ്ക് ഭാഗം വരെ ശുചീകരിക്കും. തോട് തുറക്കലും നടത്തും.26 മുതല്‍ 28 വരെ ചെമ്മന്തൂര്‍ മുതല്‍ എസ് എന്‍ കോളേജ് ഭാഗം വരെ കോളേജ് വാര്‍ഡ് നേതൃത്വത്തില്‍ ശുചീകരിക്കും.29 മുതല്‍ 31 വരെ എസ്എന്‍ കോളേജ് ഭാഗം മുതല്‍ ചെമ്മന്തൂര്‍ ആശുപത്രി ജങ്ഷന്‍ വരെ തോട് ശുചീകരിക്കും.26 മുതല്‍ 31 വരെ കൊന്നമൂട് പാലം മുതല്‍ മുറിഞ്ഞകലുങ്ക് വരെ തോട് ശുചീകരിക്കും.കോളേജ് വാര്‍ഡ് നേതൃത്വത്തിലാണിത്. തോട് ശുചീകരണത്തിന് ശേഷം മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ എം എ രാജഗോപാല്‍ പറഞ്ഞു. ജില്ലയിലെനിരവധി കുടിവെള്ള പദ്ധതികള്‍ക്ക് ജലം ശേഖരിക്കാനുള്ള പമ്പ് ഹൗസുകള്‍ പുനലൂരിലെ കല്ലടയാറ്റിലാണ്. കുടിനീരിനായി ആശ്രയിക്കുന്ന കല്ലടയാറിലേക്കു് തെളിനീര്‍ എത്തിക്കുന്ന മറ്റ് കൈത്തോടുകളെയും സംരക്ഷിക്കാന്‍ നഗരസഭയ്ക്ക് പദ്ധതിയുണ്ട്.