• ഭിന്നശേഷിക്കാര്‍ക്കായി ഐസിഫോസ് ടി-സ്ലൈഡ് മൗസ് .ഇനി കംപ്യൂട്ടര്‍ അനായസം ഉപയോഗിക്കാം.

  സി.ഡി.സുനീഷ്.
   
   
  തിരുവനന്തപുരം: വിവര സാങ്കേതീ ക വിദ്യയില്‍ ഇനി ഭിന്നശേഷി ക്കാര്‍ അന്യരാകില്ല. അവര്‍ക്ക് കംപ്യൂട്ടര്‍ സാങ്കേതീ ക ലോകത്തിന്റെ ലോകത്ത് ഇനി അനായസം സഞ്ചരിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ വികസന സ്ഥാപനമായ ഐസിഫോസ് ഭിന്നശേഷിക്കാര്‍ക്കായി വികസിപ്പിച്ചെടുത്ത ടി-സ്ലൈഡ് എന്ന കമ്പ്യൂട്ടര്‍ മൗസ്  ബുധനാഴ്ച ( മെയ് 16) മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സെക്രട്ടേറിയറ്റിലെ തന്റെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍  സമര്‍പ്പിക്കും. വിവര-വിനിമയ സാങ്കേതികവിദ്യയുടെ പ്രയോജനം എല്ലാ വിഭാഗക്കാര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐസിഫോസ് ടി-സ്ലൈഡ് വികസിപ്പിച്ചിരിക്കുന്നത്. വിരലുകളും കൈകളും പരിമിതമായി മാത്രം ഉപയോഗിക്കാന്‍ കഴിയുന്നവര്‍ക്ക് സൗകര്യപ്രദമാകുന്ന തരത്തില്‍ നേരിയ ചലനത്തിലുടെ ടി-സ്ലൈഡ് പ്രവര്‍ത്തിപ്പിക്കാനാവും. ഓരോ വ്യക്തിയുടെയും സൗകര്യാര്‍ഥം മാറ്റം വരുത്തി ത്രീഡി പ്രിന്ററുകളില്‍ ഇത് നിര്‍മിച്ചെടുക്കാന്‍ കഴിയും.  ടെക്‌നോപാര്‍ക്കില്‍ സ്റ്റാര്‍ട്ടപ് മിഷന്റെ കീഴിലുള്ള ഫാബ്ലാബില്‍ പ്രിന്റ് ചെയ്ത മൗസ് ആണ് മുഖ്യമന്ത്രി സമര്‍പ്പിക്കുന്നത്. നാലു ഡിസൈനുകളില്‍ ഇത് തയാറാക്കിയിട്ടുണ്ട്. 
   
  ഭിന്നശേഷിക്കാരെ ബന്ധപ്പെടുത്തി നടത്തിയ പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കുംശേഷമാണ് ഐസിഫോസിലെ സഹായക സാങ്കേതികവിദ്യാവിഭാഗം (അസിസ്റ്റിവ് ടെക്‌നോളജി) മൗസ് നല്‍കുന്നത്. സാമൂഹികവും ശാരീരികവുമായ  അസമത്വങ്ങള്‍  സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ടി-സ്ലൈഡിലൂടെ പ്രാവര്‍ത്തികമായിരിക്കുന്നതെന്ന് സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐടി സെക്രട്ടറി ശ്രീ എം.ശിവശങ്കര്‍ പറഞ്ഞു.