• കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്; സര്‍ക്കാരുണ്ടാക്കുമെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ്.

    കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി പുറത്തുവന്നതിനു പിന്നാലെ സര്‍ക്കാരുണ്ടാക്കുമെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം അറിയിച്ചു. എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമിച്ചാല്‍ തങ്ങളും രാഷ്ട്രീയം കളിക്കുമെന്ന് കോണ്‍ഗ്രസിന്റെ പ്രചാരണസമിതി തലവന്‍ ഡി.കെ. ശിവകുമാര്‍ പറഞ്ഞു. എംഎല്‍എമാരെ രാജിവെപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും താന്‍ ബിജെപിക്ക് ഒപ്പം പോകുമെന്നത് തെറ്റായ വാര്‍ത്തയാണെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. 
     
    ഒരു എംഎല്‍എ പോലും പുറത്തുപോകില്ലെന്നും തങ്ങള്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും സിദ്ധരാമയ്യയും പറഞ്ഞു. കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം അല്‍പ്പസമയത്തിനകം ചേരും. അതേസമയം, സര്‍ക്കാര്‍ രൂപീകരണ അവകാശവാദത്തില്‍നിന്ന് പിന്നോട്ട് പോകേണ്ടെന്നാണ് ബിജെപിയുടെയും നിലപാട്. യെദിയൂരപ്പ ഇന്ന് ഗവര്‍ണറെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.