• "ഞാന്‍ മേരിക്കുട്ടി"യുടെ ട്രെയിലര്‍ പുറത്തിറങ്ങി.

    പേരുകൊണ്ടും നായകന്റെ ഗെറ്റപ്പുകൊണ്ടും ശ്രദ്ധനേടുന്ന ജയസൂര്യരഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന "ഞാന്‍ മേരിക്കുട്ടി"യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ട്രാന്‍സ്വിമന്റെ കഥ പറയുന്ന ഈ സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കിയത് അഞ്ച് ട്രാന്‍സ്വിമന്‍ ചേര്‍ന്നാണ്.
    ഇന്ത്യയിലെ ഏറ്റവും മികച്ച മേക്ക്അപ് ആര്‍ടിസ്റ്റുകളിലൊരാളായ രഞ്ജു രഞ്ജിമാര്‍, ഐ.ടി പ്രൊഫഷനലായ സാറ ഷെയ്ഖ, ബിസിനുകാരിയായ തൃപ്തി ഷെട്ടി, സാമൂഹ്യപ്രവര്‍ത്തക ശീതള്‍, നിയമോപദേശകയായ റിയ എന്നിവര്‍ ചേര്‍ന്നാണ് ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ പുറത്തിറക്കിയത്. ട്രെയിലറിലുടനീളം സ്ത്രീയുടെ രൂപഭാവത്തില്‍ ജയസൂര്യ തകര്‍ത്തഭിനയിച്ചിരിക്കുന്നു. 
    ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം. ഛായാഗ്രഹണം വിഷ്ണു നാരായണന്‍. മലയാള സിനിമയിലെ ഹിറ്റ് കൂട്ട് കെട്ടായ ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീം തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രമേയവുമായി എത്തുമ്പോള്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സുസു സുധി വാത്മീകം, പ്രേതം എന്നിവയും ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ്. മേരിക്കുട്ടി ജൂണ്‍ 15ന് തിയറ്ററുകളിലെത്തും.