• ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ച സമയം വേണമെന്ന് ഗവര്‍ണറെ കണ്ട് ബിജെപി ആവശ്യപ്പെട്ടു

    അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്ന കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ച സമയം വേണമെന്ന് ബിജെപി ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാമെന്നാണ് ബിജെപിയുടെ അവകാശവാദം. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ബിജെപി നേതാക്കള്‍ തിരക്കിട്ട് ഗവര്‍ണര്‍ വാജുഭായി വാലയെ സന്ദര്‍ശിച്ചത്. കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കളും ഗവര്‍ണറെ കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാകുകയാണ്. 
     
    ബിജെപിക്കു ഒറ്റയ്ക്കു കേവല ഭൂരിപക്ഷം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് സഖ്യം ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കാന്‍ ജെഡിഎസും കോണ്‍ഗ്രസും ചേര്‍ന്ന് തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായും ജെഡിഎസുമായി കൈകോര്‍ത്തു മുന്നോട്ടു പോകാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജനതാദള്‍ (എസ്) നു പിന്തുണ നല്‍കാന്‍ എഐസിസി തീരുമാനിച്ചതായി പിസിസി പ്രസിഡന്റ് ജി.പരമേശ്വരയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.