• മോദിയോട് നാവടക്കാന്‍ പറയൂ; രാഷ്ട്രപതിയോട് കോണ്‍ഗ്രസ്

    പദവിക്കു നിരക്കാത്ത വിധത്തില്‍ പദപ്രയോഗങ്ങള്‍ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ താക്കീതു ചെയ്യണമെന്നാവശ്യപ്പെട്ടു രാഷ്ട്രപതി റാം നാഥ് കോവിന്ദിനു കോണ്‍ഗ്രസിന്റെ കത്ത്. പ്രധാനമന്ത്രി പദവിക്കു ചേരാത്ത വിധമുള്ള ഭാഷയും ഭീഷണിപ്പെടുത്തലുമാണു മോദി നടത്തുന്നത്. പൊതുജനമധ്യത്തിലാണു പല ഭീഷണികളും. ഇത്തരം മോശം ഭാഷാപ്രയോഗവും ഭീഷണിയും നടത്തുന്നതു മിക്കവാറും പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടാണ്. ഇത്തരത്തിലാകരുത് ഒരു പ്രധാനമന്ത്രിയുടെ ഭാഷ. ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരമൊരു കാര്യം ചിന്തിക്കാന്‍ കൂടിയാകില്ലെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു.
     
    "കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നു ശ്രദ്ധിക്കണം. നിങ്ങള്‍ പരിധി ലംഘിച്ചാല്‍ ഇതു നരേന്ദ്രമോദിയാണ്. നിങ്ങള്‍ക്കു തിരിച്ചടി ലഭിച്ചിരിക്കും" കര്‍ണാടക തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മോദി നടത്തിയ ഈ പ്രസംഗത്തിന്റേത് ഉള്‍പ്പെടെയുള്ള വിവരങ്ങളാണു കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മോദി മാപ്പു പറയണമെന്നും കത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മോദിയുടെ ഭീഷണിക്കു മുന്നില്‍ ഭയപ്പെട്ടു പോകുന്നവരല്ല കോണ്‍ഗ്രസെന്നും നേതാക്കള്‍ വ്യക്തമാക്കി. നാളെയാണു കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നത്.