• ശബരിമല വലിയ തന്ത്രി താഴമണ്‍ മഠം കണ്ഠര് മഹേശ്വരര് നിര്യാതനായി.

    ശബരിമല വലിയ തന്ത്രി താഴമണ്‍ മഠം കണ്ഠര് മഹേശ്വരര് (91) നിര്യാതനായി. വസതിയായ ചെങ്ങന്നൂരിലെ താഴമണ്‍ മഠത്തിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്നു ചികിത്സയിലായിരുന്നു. പരശുരാമന്റെ കാലത്ത് ആന്ധ്രയില്‍നിന്നു കേരളത്തില്‍ എത്തിയതെന്നു വിശ്വസിക്കപ്പെടുന്ന താഴമണ്‍ തന്ത്രികുടുംബത്തിലെ കാരണവരാണ്. പതിനേഴാം വയസില്‍ ശബരിമലയിലെ താന്ത്രിക കര്‍മങ്ങളില്‍ പങ്കാളിയായി തുടങ്ങിയ ഇദ്ദേഹം അച്ഛന്‍ കണ്ഠര് പരമേശ്വരരുടെ അനുജന്‍ കണ്ഠര് ശങ്കരരോടൊപ്പമാണു ആദ്യമായി ശബരിമലയിലെത്തിയത്. കൊല്ലവര്‍ഷം 1126 ഇടവം നാലിനു ശബരിമല ക്ഷേത്രത്തിലുണ്ടായ അഗ്‌നിബാധയ്ക്കു ശേഷം ഇപ്പോഴുള്ള അയ്യപ്പവിഗ്രഹം പ്രതിഷ്ഠിച്ചതു തന്ത്രി കണ്ഠര് ശങ്കരരാണ്. ചടങ്ങില്‍ സഹകാര്‍മികത്വം വഹിച്ചത് മഹേശ്വരര് ആണ്. മാളികപ്പുറത്ത് ദുര്‍ഗാ ക്ഷേത്രം പ്രതിഷ്ഠിച്ചതു വലിയ തന്ത്രിയായ ശേഷം മഹേശ്വരരാണ്.
     
    1927 ജൂലൈ 28 ന് കര്‍ക്കടക മാസത്തിലെ പുണര്‍തം നക്ഷത്രത്തിലാണു ജനനം. ആദ്യ മന്ത്രാക്ഷരങ്ങള്‍ പഠിച്ചത് അച്ഛനില്‍ നിന്നാണ്. കുട്ടിക്കാലത്തു തന്നെ അച്ഛനെ നഷ്ടമായി. പിന്നീടു വീട്ടില്‍ ഗുരുക്കന്മാരെ വരുത്തി സംസ്‌കൃതവും മറ്റും പഠിച്ചു. കുടുംബത്തിലെ പതിവനുസരിച്ചു പന്ത്രണ്ടാം വയസ്സില്‍ ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ആദ്യപൂജ. കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് എഴുന്നൂറോളം ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശമുണ്ട്.പ്രതിഷ്ഠാകര്‍മങ്ങള്‍ക്കായി വിദേശത്തു പോയിട്ടുണ്ട്. ഭാര്യ: ദേവകി അന്തര്‍ജനം. മക്കള്‍: കണ്ഠര് മോഹനര്, മല്ലിക (ഫെഡറല്‍ ബാങ്ക്, പേരൂര്‍ക്കട), ദേവിക. മരുമക്കള്‍: എം.എസ്.രവി നമ്പൂതിരി, ആശാ ദേവി, പരേതനായ ഈശ്വരന്‍ നമ്പൂതിരി.