• സിനിമ തിയറ്ററില്‍ പത്തു വയസ്സുകാരിക്കു നേരെ ലൈംഗിക പീഡനം.

    സിനിമ തിയറ്ററില്‍ സ്ത്രീയുടെ പിന്തുണയോടെ പത്തു വയസ്സുകാരിക്കു നേരെ ലൈംഗിക പീഡനം. എടപ്പാളിലെ തിയറ്ററില്‍ നടന്ന സംഭവത്തില്‍ പ്രതി പൊലീസ് കസ്റ്റഡിയിലായെന്നു സൂചന. അല്‍പസമയത്തിനകം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണറിയുന്നത്. പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശിയാണു പ്രതിയെന്നാണു വിവരം. ഏപ്രില്‍ 18നായിരുന്നു സംഭവം. സ്ത്രീയും കുട്ടിയും ആദ്യം തിയറ്റിലെത്തുകയും പിന്നീട് പ്രതി ആഡംബരകാറില്‍ എത്തുകയുമായിരുന്നു. മുതിര്‍ന്ന സ്ത്രീയ്‌ക്കൊപ്പമെത്തിയ പെണ്‍കുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കന്‍ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തിയറ്റര്‍ ഉടമകള്‍ ഈ ദൃശ്യങ്ങള്‍ ചൈല്‍ഡ്ലൈനെ ഏല്‍പിച്ചു. ദൃശ്യങ്ങള്‍ സഹിതം പൊലീസിനെ വിശദാംശങ്ങള്‍ ധരിപ്പിച്ച് മൂന്നാഴ്ച മുന്‍പ് ചൈല്‍ഡ് ലൈന്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയാറായില്ല. 
     
    പിന്നീടു സംഭവം വിവാദമായതിനെത്തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്ത് ധൃതി പിടിച്ചു നടപടികളിലേക്കു കടക്കുകയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിനുള്ള പോക്‌സോ വകുപ്പ് അനുസരിച്ചാണ് കേസ്. പൊലീസിനു പരാതി നല്‍കിയിട്ടും നടപടിയെടുക്കാതിരുന്ന സംഭവം മലപ്പുറം ഡിവൈഎസ്പി അന്വേഷിക്കും. അതിനിടെ, പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം വൈകിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. സംഭവം മലപ്പുറം ജില്ലാ പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണം. മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പീഡിപ്പിച്ചയാള്‍ക്കും പെണ്‍കുട്ടിയെ തിയറ്ററിലെത്തിച്ച സ്ത്രീക്കുമെതിരെ കേസെടുക്കണമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു. പരാതി കിട്ടിയിട്ടും കേസെടുക്കാതെ, പ്രതിയുടെ സ്വാധീനത്തിനു വഴങ്ങി പൊലീസ് ഉദ്യോഗസ്ഥര്‍ അവരെ സഹായിക്കുകയായിരുന്നെന്നും ഉത്തരവില്‍ പറയുന്നു.