• കര്‍ണാടകയില്‍ ഉച്ചയ്ക്ക് ഒരു മണി വരെ രേഖപ്പെടുത്തിയത് 33.42 % പോളിങ്.

    പലയിടത്തും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയപ്പോള്‍ കര്‍ണാടകയില്‍ ഉച്ചയ്ക്ക് ഒരു മണി വരെ രേഖപ്പെടുത്തിയത് 33.42 % പോളിങ്. അതേസമയം, ബെംഗളൂരു നഗര ജില്ലയിലെ പോളിങ് നിരക്ക്, സംസ്ഥാന ശരാശരിയേക്കാള്‍ കുറവാണ്. ഉച്ചയ്ക്ക് 12 വരെ ബെംഗളൂരു നഗര മേഖലയില്‍ 18 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. രാമനഗര, ബെംഗളൂരുവിലെ ചാമരാജ്‌പേട്ട്, ഹെബ്ബാള്‍ എന്നിവിടങ്ങളിലെ ബൂത്തുകളില്‍ വോട്ടിങ് യന്ത്രത്തിലെ പ്രശ്‌നം കാരണം വൈകിയാണ് വോട്ടിങ് പുനഃസ്ഥാപിക്കാനായത്.
     
    ധാര്‍വാഡിലെ കാരാഡിഗുഡ്ഡയില്‍ പോളിങ് ഓഫിസര്‍മാര്‍ വോട്ടര്‍മാരോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിനയ് കുല്‍കര്‍ണിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ബിജെപി ബൂത്തിനു മുന്നില്‍ പ്രകടനം നടത്തി. വിജയനഗര്‍ ഹംപിനഗറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ബിജെപി നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹാസനിലെ ഹൊളെനരസീപുരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.പി. മഞ്ചെഗൗഡയ്ക്ക് കല്ലേറില്‍ പരുക്കേറ്റു. ജെഡിഎസ് നേതാവ് എച്ച്.ഡി. രേവണ്ണ മലല്‍സരിക്കുന്ന മണ്ഡലമാണിത്. മുഖത്തു നിന്നു ബുര്‍ഖ മാറ്റാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു ബെളഗാവിയില്‍ വനിതാ വോട്ടറെ പോളിങ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. തുടര്‍ന്ന് മറയ്ക്കുള്ളില്‍ കയറ്റി വനിതാ പൊലീസ് പരിശോധിച്ച ശേഷമാണ്, വോട്ടു ചെയ്യാന്‍ അനുവദിച്ചത്.