• സിക്കിമില്‍ വികാസ് പീഡിയ നേപ്പാളി പോര്‍ട്ടലിന്റെ പ്രചരണത്തിന് അഞ്ച് മലയാളികള്‍

  പ്രത്യേക ലേഖകന്‍
   
   
  കേന്ദ്ര ഗവണ്‍മെന്റിന്റെ  ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ക്ക് കീഴിലുള്ള വിജ്ഞാന പോര്‍ട്ടലായ വികാസ് പീഡിയ സിക്കിമിലും   പ്രവര്‍ത്തനം   തുടങ്ങിയത് അഞ്ച് മലയാളികളുടെ നേതൃത്വത്തില്‍. സിക്കിം സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെയും സിക്കിം കൃഷി വകുപ്പിന്റെയും സഹകരണത്തോടെയാണ് പോര്‍ട്ടലിന്റെ പ്രചരണത്തിനും വ്യാപനത്തിനും പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത്. വയനാട് സ്വദേശികളായ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബിജോ തോമസ് കറുകപ്പള്ളില്‍, വികാസ് പീഡിയ കേരള സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി.ഷിബു ,ടെക് നിക്കല്‍ ഹെഡ് ജുബിന്‍ അഗസ്റ്റ്യന്‍ ,എന്നിവരും കോഴിക്കോട് സ്വദേശിയും സിക്കിം സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്  ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തലവനുമായ ഡോ: എന്‍. സെബാസ്റ്റ്യന്‍ , ഈങ്ങാപ്പുഴ സ്വദേശിയും സിക്കിം നാംചി ലെയോള കോളേജ് ഓഫ് എജ്യുക്കേഷന്‍ പ്രിന്‍സിപ്പാള്‍ ഫാ: ഫ്രാന്‍സീസ് എന്നിവരാണ് നേപ്പാളി പോര്‍ട്ടലിന്റെ പ്രചരണത്തിന് നേതൃത്വം നല്‍കുന്ന അഞ്ച് മലയാളികള്‍. കൃഷി ,ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ഊര്‍ജ്ജം, ഈ-ഭരണം  തുടങ്ങിയ ആറ് ഡൊമൈനുകളിലായി  നിരവധി വിഷയങ്ങളെ വിവരങ്ങള്‍ പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇംഗ്ലീഷ് കൂടാതെ നേപ്പാളി അടക്കം 22 ഇന്ത്യന്‍ ഭാഷകളില്‍ പതിനായിരകണക്കിന് പേജുകളിലായി വികാസ് പീഡിയ പോര്‍ട്ടലില്‍  വിവരങ്ങള്‍ ഉണ്ട്. വളണ്ടിയര്‍മാരായി  പ്രവര്‍ത്തിക്കുന്ന വിവരദാതാക്കള്‍ വഴി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍, നയങ്ങള്‍, സ്‌കീമുകള്‍, അറിയിപ്പുകള്‍, വിജയഗാഥകള്‍,  തുടങ്ങി നിരവധി വിവരങ്ങള്‍ നല്‍കി വരുന്നു.  സെന്റര്‍ ഫോര്‍  ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ് ( സി-ഡാക് ) ഹൈദരാബാദ് യൂണീറ്റ് ആണ് വികാസ് പീഡിയ പോര്‍ട്ടലിന്റെ നിര്‍വ്വഹണം നടത്തുന്നത്. ഓരോ സംസ്ഥാനത്തും സ്റ്റേറ്റ്  നോഡല്‍  ഏജന്‍സികള്‍ വഴി   ബോധവല്‍ക്കരണ പരിപാടികളും  വിവര ദാതാക്കള്‍ക്കും ഡിജിറ്റല്‍ വളണ്ടിയര്‍മാര്‍ക്കും ഉള്ള പരിശീലനങ്ങളും നല്‍കി വരുന്നു. 
   
  സിക്കിം സംസ്ഥാനത്ത് നിലവില്‍ സ്റ്റേറ്റ് നോഡല്‍ ഏജന്‍സി ഇല്ലാത്തതിനാല്‍ കേരളത്തിന്റെ സ്റ്റേറ്റ് നോഡല്‍ ഏജന്‍സിയായ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയാണ്  തുടക്കത്തില്‍ ബോധവല്‍ക്കരണ പ്രചരണ പരിപാടികള്‍ നടത്തുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി സിക്കിം സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലാംഗ്വേജസ്  ആന്റ് ലിറ്ററേച്ചിന്റെയും നേപ്പാളി ഡിപ്പാര്‍ട്ടുമെന്റിന്റെയും നേതത്വത്തില്‍ വിവര ദാതാക്കളായി   പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും  പോര്‍ട്ടലിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ളവര്‍ക്കുമായി ഏകദിന പരിശീലനം   സംഘംടിപ്പിച്ചു . ശില്പശാല  യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. ജെ.പി. തമങ്ങ് ഉദ്ഘാടനം ചെയ്തു. സി- ഡാക്  ഹൈദരാബാദ്  യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ എം. ജഗദീഷ് ആമുഖ പ്രഭാഷണവും പോര്‍ട്ടല്‍  പരിചയ പ്പെടുത്തലും നടത്തി. സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് ആന്റ് ലിറ്ററേച്ചര്‍ വിഭാഗം മേധാവി പ്രൊഫ: ഐ.ജി. അഹമ്മദ് , ഡിപ്പാര്‍ട്ട്‌മെന്റ്  ഓഫ് നേപ്പാളി വിഭാഗം അസിസ്റ്റന്റ്  പ്രൊഫ: ഡോ: സമര്‍ സിന്‍ഹ, പ്രൊഫ: പ്രതാപ് സി. പ്രധാന്‍  ,വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബിജോ തോമസ് കറുകപ്പള്ളില്‍, സര്‍വ്വകലാശാല ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വകുപ്പ് മേധാവി ഡോ: എന്‍.സെബാസ്റ്റ്യന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു. 
   
  വികാസ് പീഡിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗത്തെക്കുറിച്ച്  വികാസ് പീഡിയ കേരള കോഡിനേറ്റര്‍ സി.വി.ഷിബു, ടെക്‌നിക്കല്‍ ഹെഡ് ജൂബിന്‍ അഗസ്റ്റ്യന്‍ എന്നിവര്‍ പരിചയപ്പെടുത്തി. വിവിധ മേഖലകളില്‍ നിന്നും വകുപ്പുകളില്‍ നിന്നും നിരവധി പേര്‍  ശില്പശാലയില്‍ പങ്കെടുക്കുകയും  വികാസ് പീഡിയ നേപ്പാളി പോര്‍ട്ടലില്‍ വിവരദാതാക്കളായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. നാം ചി ലെയോള കോളേജ് ഓഫ് എജുക്കേഷനില്‍ അധ്യാപക വിദ്യാര്‍ത്ഥികള്‍ക്കായി വികാസ് പീഡിയ നേപ്പാളി ശില്പശാലയും സിക്കിം ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ ഗ്യാംഗ്‌ടോക്ക് ഐ കാര്‍ ആസ്ഥാനത്ത് ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ ജൈവ സംസ്ഥാനമായ സിക്കിമില്‍ സിക്കിം ഓര്‍ഗാനിക് മിഷന്‍ എക്‌സിക്യംട്ടീവ് ഡയറക്ടര്‍ ഡോ. എസ്. അന്‍പളഗന്‍ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പ് മേലധ്യക്ഷന്‍മാരുമായും  അഞ്ചംഗ മലയാളി സംഘം കൂടിക്കാഴ്ച നടത്തി.ഈ സംഘത്തിന്റെ നേതൃത്വത്തില്‍  ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്ന പ്രചരണ  ബോധവല്‍ക്കരണ പരിപാടികളുടെ തുടര്‍ച്ചയായി  വരും ദിവസങ്ങളിലും വിവിധ പരിപാടികള്‍ നടക്കും.   നിലവില്‍ അഞ്ചരകോടിയിലധികം ഹിറ്റ് റേറ്റുള്ള വികാസ് പീഡിയ മലയാളം  പോര്‍ട്ടലിന്റെ നോഡല്‍ ഏജന്‍സിയായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി  രാജ്യത്തെ ഏറ്റവും നല്ല നോഡല്‍ ഏജന്‍സികളിലൊന്നാണ്. ഉത്തര്‍പ്രദേശിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയും കേരളത്തിനാണ്.