• താലൂക്ക് ആശുപത്രിയിലെ പ്രധാന ജനറേറ്ററിന്റെ ഓയില്‍ടാങ്കില്‍ വെള്ളം

    താലൂക്ക് ആശുപത്രിയിലെ പ്രധാന ജനറേറ്ററിന്റെ ഓയില്‍ടാങ്കില്‍ വെള്ളം നിറച്ച് അപകടം സൃഷ്ടിക്കാന്‍ ശ്രമിച്ചതായി പരാതി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.ഷാഹിര്‍ഷ പുനലൂര്‍ പൊലീസില്‍ പരാതി നല്‍കി. 160 കെവി ശേഷിയുള്ള പ്രധാന ജനറേറ്റര്‍ സര്‍വീസ് ചെയ്യുന്നതിനു പരിശോധിച്ചപ്പോഴാണ് ഓയില്‍ടാങ്കില്‍ വെള്ളം നിറച്ചത് ശ്രദ്ധയില്‍പെട്ടത്. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ ആശുപത്രിയുടെ സല്‍പേര് നശിപ്പിക്കുന്നതിനുള്ള നീക്കമാണു സംഭവത്തിനു പിന്നിലെന്നാണ് ആരോപണം. 
    30 ലക്ഷത്തോളം രൂപ വിലവരുന്നതാണു ജനറേറ്റര്‍. ജനറേറ്റര്‍ തകരാറിലായാല്‍ ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷന്‍ തിയറ്ററുകളിലും വെന്റിലേറ്ററുകളിലും അടക്കം പ്രവര്‍ത്തിക്കുന്ന 59 ടണ്‍ എസി എന്നിവയുടെ പ്രവര്‍ത്തനം നിലയ്ക്കും. ഒട്ടേറെ ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയാണ് ഇവിടെയുള്ളത്. താലൂക്ക് ആശുപത്രിയിലെ സംസ്ഥാനത്തെ പൊതുമേഖലയിലെ ആദ്യത്തെ ഓക്സിജന്‍ പ്ലാന്റിനു കൂടുതല്‍ സുരക്ഷ നല്‍കാനും പരിസരത്തു ക്യാമറ സ്ഥാപിക്കുന്നതിനും നടപടി എടുത്തതായി സൂപ്രണ്ട് അറിയിച്ചു.