• ആദിവാസി ക്ഷേമം: ശുപാര്‍ശകളടക്കം റിപ്പോര്‍ട്ട് സാക്ഷരതാമിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു

  സി.ഡി.സുനീഷ്.
   
  ആദിവാസി ക്ഷേമം ലക്ഷ്യം വെച്ച് കൊണ്ടും, ആദിവാസി സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ശുപാര്‍ശകളടക്കം സാക്ഷരതാമിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. സാക്ഷരതാമിഷന്‍ നടപ്പിലാക്കിവരുന്ന വിവിധ ആദിവാസി സാക്ഷരത-തുല്യതാ പദ്ധതികളിലെ 350 ആദിവാസി ഇന്‍സ്ട്രക്ടര്‍മാര്‍ക്കായി സംഘടിപ്പിച്ച സാമൂഹ്യസാക്ഷരതാ പരിശീലന പരിപാടിയുടെ ഭാഗമായി നടന്ന വിഷയാധിഷ്ഠിത ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമവകുപ്പു മന്ത്രി എ.കെബാലന്‍ മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോര്‍ട്ട് കൈമാറി. റിപ്പോര്‍്ട്ടിലെ പ്രധാന ശുപാര്‍ശകള്‍ ഇപ്രകാരമാണ്. 
   
  ആദിവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുക, സാക്ഷരത- തുടര്‍വിദ്യാഭ്യാസപദ്ധതി എല്ലാ ആദിവാസി ഊരുകളിലേക്കും വ്യാപിപ്പിക്കുക, ഹയര്‍സെക്കന്‍ഡറി തുല്യതവരെയുള്ള തുടര്‍വിദ്യാഭ്യാസം എല്ലാ ആദിവാസി ഊരുകളിലും ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പട്ടികവര്‍ഗ വികസനവകുപ്പിന്റെയും സാമ്പത്തിക സഹായം വകയിരുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പിന്തുണ ഉറപ്പുവരുത്തുക, എല്ലാ ഊരുകളിലും പത്രം- ആനുകാലികങ്ങള്‍ (കുറഞ്ഞത് രണ്ടു പത്രങ്ങളും രണ്ട് ആനുകാലികങ്ങളും) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കുക, എല്ലാ ഊരുകളിലും ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദിവാസി പ്രേരക്മാരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് ലൈബ്രറികള്‍ ആരംഭിക്കുക, ബോധവല്‍ക്കരണം ആവശ്യമുള്ള മേഖലകളില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഡിജിറ്റല്‍ പഠനസഹായികള്‍ ഉള്‍പ്പെടെ തയ്യാറാക്കി നല്‍കുക, ഊരുകള്‍ കേന്ദ്രീകരിച്ച് സാഹിത്യഅക്കാദമി, ലളിതകലാ അക്കാദമി, ചലച്ചിത്ര അക്കാദമി, സംഗീതനാടക അക്കാദമി തുടങ്ങിയവയുടെ ക്യാമ്പുകളും പരിശീലനങ്ങളും സംഘടിപ്പിക്കുക, ആധുനിക വ്യവസായങ്ങള്‍ ആദിവാസിമേഖലയില്‍ ആരംഭിക്കുകയും അവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയും ചെയ്യുക
  കൃഷി ചെയ്യാനുള്ള പിന്തുണ നല്‍കുക, കൃഷിയില്‍ നിന്നും ചെറുകിട വ്യവസായങ്ങളില്‍ നിന്നുമുള്ള ഉല്‍പ്പനങ്ങള്‍ക്ക് വിപണി ഉറപ്പാക്കുക, അവ ശേഖരിക്കുന്ന സൊസൈറ്റികല്‍ രൂപീകരിക്കുക, പൊതുവിദ്യാഭ്യാസവകുപ്പ്, തദ്ദേശസ്വയംഭരണവകുപ്പ്, പട്ടികവര്‍ഗവികസനവകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായി ഊരുകളില്‍ സ്ഥിരമായ അനൗപചാരിക വിദ്യാഭ്യാസസൗകര്യം ഒരുക്കുക, ഗോത്രസാരഥി പദ്ധതി പ്ലസ്ടു വരെ വ്യാപിപ്പിക്കുക, വിദ്യാഭ്യാസ കൗണ്‍സലിംഗ് നടത്തുക, ഉന്നതവിദ്യാഭ്യാസ കോഴ്സുകള്‍ പരിചയപ്പെടുത്തുന്നതിനും ഇത്തരം കോഴ്സുകളില്‍ പ്രവേശനം ലഭിക്കുന്നതിനും ആവശ്യമായ പരിശീലനം നല്‍കുന്നതിന് പദ്ധതികള്‍ നടപ്പാക്കുക, മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറാകുന്നതിന് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക, ആദിവാസി വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസയോഗ്യതക്ക് അനുസൃതമായ തൊഴില്‍ലഭ്യത ഉറപ്പ് വരുത്തുക, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങല്‍ തുടങ്ങിയവയുടെ വിവിധ പ്രോജക്ട് ഉള്‍പ്പെടെയുള്ള സംരംഭങ്ങളില്‍ ആദിവാസി വിഭാഗങ്ങളിലെ വിദ്യാസമ്പന്നര്‍ക്ക് തൊഴില്‍ലഭ്യത ഉറപ്പുവരുത്തുക 
   
  സര്‍ക്കാര്‍ ആദിവാസി വിഭാഗങ്ങള്‍ക്കായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചും നിയമപരിരക്ഷയെക്കുറിച്ചും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ ശുപാര്‍ശകളാണ് സമര്‍പ്പിച്ചത്. ശുപാര്‍ശകള്‍ പ്രയോഗത്തില്‍ വരുമ്പോള്‍ ഉള്ള ചൂഷണങ്ങള്‍ ആണ്  എന്നും ആദിവാസികള്‍ നേരിടുന്ന പ്രശ്‌നം. ആദിവാസി ക്ഷേമം അവരുടെ  ജ്ഞാന ലോകത്ത് നിന്നും സംസ്‌കാരത്തല്‍ നിന്നും അവരുടെ കൂടി പങ്കാളിത്ത ത്തോടെ നടപ്പിലാക്കുമ്പോള്‍ ആദിവാസി ക്ഷേമ പ്രവര്‍ത്തനം സാര്‍ത്ഥകമാകുക.