• പുനലൂരിലെ ഏഴ് നില മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്‌ളക്‌സിന്റെ ആധുനിക രീതിയിലെ നിര്‍മ്മാണത്തിന് തുടക്കമായി

   
  പുനലൂരിലെ ഏഴ് നില മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്‌ളക്‌സിന്റെ ആധുനിക രീതിയിലെ നിര്‍മ്മാണത്തിന് തുടക്കമായി. 3.90 കോടിയാണ് 
  ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മ്മാണത്തിന് ചെലവിടുന്നത്.പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ഷോപ്പിംഗ് കോംപ്‌ളക്‌സ് .നിര്‍മ്മാണ ഘട്ടത്തിലേ ഷോപ്പിംഗ് കോംപ്ലക്‌സിന് പോരായ്മകള്‍ ഉണ്ടായിരുന്നു. അശാസ്ത്രീയ നിര്‍മ്മാണവും കാലപ്പഴക്കവും ഷോപ്പിംഗ് കോംപ്ലക്‌സ് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാക്കി.പുനലൂര്‍ പട്ടണത്തിലെ ആദ്യ ബഹുനില മന്ദിരമാണിത്. ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിന്ന് ബാങ്ക്കളും നിരവധി സ്ഥാപനങ്ങളും മറ്റിടങ്ങളിലേക്കു് മാറുകയും ചെയ്തു. പട്ടണത്തിന്റെ പ്രധാന ഭാഗത്തെ ഷോപ്പിംഗ് കോംപ്ലസ് നവീകരിക്കാന്‍ നഗരസഭാ കൗണ്‍സില്‍ പദ്ധതി തയാറാക്കി. പുതിയ മന്ദിരം നിര്‍മ്മിക്കാനായിരുന്നു ആദ്യ പദ്ധതി.എന്നാല്‍ തദ്ദേശ വകുപ്പ് ചീഫ് എഞ്ചിനീയറുടെ നിര്‍ദ്ദേശ പ്രകാരം ടി കെ എം എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ധ സംഘം കെട്ടിടം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി.
   
  ഏഴുനില മന്ദിരത്തിന്റെ പില്ലറുകള്‍ ഉള്‍പ്പടെ ചട്ടക്കൂടിന് ഉറപ്പ് ഉണ്ട് എന്ന് കണ്ടെത്തി.തുടര്‍ന്നാണ് പില്ലര്‍ നിലനിര്‍ത്തി മന്ദിര നവീകരണത്തിന് പദ്ധതിയൊരുക്കിയത്. വിശാലമായ വാഹന പാര്‍ക്കിംഗും മൂന്ന് ലിഫ്റ്റുകളും മന്ദിരത്തിന്റെ മുന്‍ഭാഗത്ത് വിശാലമായ പടവുകളും എല്ലാം ബഹുനില മന്ദിരത്തില്‍ ഒരുക്കും. തിരുവനന്തപുരം രേവതി കണ്‍സ്ട്രക്ഷന്‍സാണ് നിര്‍മ്മാണമേറ്റെടുത്തിരികുന്നത്. ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് ആണ് രൂപകല്പന നിര്‍വ്വഹിച്ചത്. ഏഴുനില മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്‌ളക്‌സിന്റെ നവീകരണത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ എം എ രാജ ഗോപാല്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ കെ പ്രഭ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ സുഭാഷ് ജി നാഥ്, വി ഓമനക്കുട്ടന്‍, ലളിതമ്മ, കൗണ്‍സിലര്‍മാരായ സുശീല രാധാകൃഷ്ണന്‍ ,സിന്ധു ഗോപകുമാര്‍, ജിജയപ്രകാശ് ,ഹാബിറ്റാറ്റ് എഞ്ചിനീയര്‍ നവീന്‍ ലാല്‍എന്നിവര്‍ സംസാരിച്ചു.
  ആധുനിക രീതിയില്‍ ഏഴുനില ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതോടെ പുനലൂരിന് പുതിയ വികസന മുഖം കൈവരുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ എം എ രാജഗോപാല്‍ പറഞ്ഞു.പുതിയ വൈവിധ്യമായ നിരവധി സംരംഭങ്ങള്‍ ഇതില്‍ തുടങ്ങുവാനാകും.