• പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ടൈല്‍ പാകുന്നതിനുള്ള പ്രാഥമിക പണികള്‍ തുടങ്ങി.

    പുനരുദ്ധാരണ പണികള്‍ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി താല്‍ക്കാലികമായി അടച്ച പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ടൈല്‍ പാകുന്നതിനുള്ള പ്രാഥമിക പണികള്‍ തുടങ്ങി. ഗ്രൗണ്ടില്‍ നിന്നു നിശ്ചിത അളവില്‍ മണ്ണ് നീക്കംചെയ്യുന്നതാണ് തുടങ്ങിയത്. എന്നാല്‍ വിശാലമായ ഗ്രൗണ്ടിന്റെ ഉപരിതലം ഇളക്കിമാറ്റുന്നതിനു കൂടുതല്‍ മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിക്കാമെന്നിരിക്കെ ഇന്നലെ ഒരു മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചായിരുന്നു പണി. 12 ദിവസം കൊണ്ടു പണിപൂര്‍ത്തിയാക്കണമെന്നാണ് കരാറുകാര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. 
     
    കൂടുതല്‍ യന്ത്രസാമഗ്രികളും തൊഴിലാളികളെയും ഉപയോഗിച്ചില്ലെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. വേണ്ടത്ര മുന്നറിയിപ്പില്ലാതെ ഡിപ്പോ അടയ്ക്കുകയും എല്ലാ ബസുകളും ചെമ്മന്തൂര്‍ ഡിപ്പോയില്‍ എത്തുകയും ചെയ്തതോടെ ഇന്നലെ നഗരത്തില്‍ രാവിലെയും വൈകിട്ടും ക്രമാതീതമായ തിരക്കാണ് അനുഭവപ്പെട്ടത്. ചെമ്മന്തൂര്‍ ഡിപ്പോയില്‍ നിന്നു ചെങ്കോട്ട - തെങ്കാശി മേഖലകളിലേക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ക്ക് എട്ടുരൂപ കൂടി കൊടുക്കേണ്ടിവന്നു. കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നതിനെ തുടര്‍ന്നു യാത്രക്കാരും കണ്ടക്ടര്‍മാരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി.