• ഇനി മുതല്‍ ആര്‍എസ്സി 140 "ചങ്ക് ബസ്" എന്നറിയപ്പെടും

     "അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാര്‍. എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത്? ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്ര്യമാണോ?" ഏതാനും ദിവസം മുന്‍പ് കെഎസ്ആര്‍ടിസിയിലേക്കു വന്ന ഒരു ഫോണ്‍ സന്ദേശമായിരുന്നു അത്. അങ്ങേത്തലയ്ക്കല്‍ അജ്ഞാതയായ ഒരു പെണ്‍കുട്ടി. കോട്ടയം ഈരാറ്റുപേട്ടയില്‍ നിന്നായിരുന്നു ഫോണ്‍ വിളി. ഇങ്ങേത്തലയ്ക്കല്‍ ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഇന്‍സ്‌പെക്ടര്‍ സി.ടി.ജോണി. ഈരാറ്റുപേട്ടകൈപ്പള്ളികോട്ടയംകട്ടപ്പന ലിമിറ്റഡ് സ്റ്റോപ്പായി സര്‍വീസ് നടത്തുന്ന ആര്‍എസ്സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലക്കു മാറ്റിയതിനെക്കുറിച്ചു പരാതി പറയാനായിരുന്നു പെണ്‍കുട്ടി വിളിച്ചത്. ജോണി എല്ലാം ക്ഷമയോടെ കേട്ടിരുന്ന് പെണ്‍കുട്ടിക്ക് ആശ്വാസകരമായ മറുപടിയും നല്‍കി. എന്തായാലും ഫോണ്‍ സന്ദേശം വൈറലായി. ആ ബസാകട്ടെ അതിനോടകം ആലുവയില്‍ നിന്ന് കണ്ണൂരെത്തിയിരുന്നു. പക്ഷേ "ആരാധിക"യുടെ ഹൃദയത്തില്‍ നിന്നുള്ള അപേക്ഷ കെഎസ്ആര്‍ടിസിക്കും തള്ളിക്കളനായില്ല. 
     
    കണ്ണൂരില്‍ നിന്ന് ബസ് ഈരാറ്റുപേട്ടയിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി ഉത്തരവിട്ടു. ഒപ്പം ഒരു നിര്‍ദേശവും ഇനി മുതല്‍ ആര്‍എസ്സി 140 "ചങ്ക് ബസ്" എന്നറിയപ്പെടും. മാതൃകാപരമായി ആ ഫോണ്‍വിളിക്കു മറുപടി നല്‍കിയ ജോണിക്കു കെഎസ്ആര്‍ടിസിയുടെ അഭിനന്ദനക്കത്തും ഔദ്യോഗികമായി എംഡി അയച്ചു. ഏതാനും ദിവസം മുന്‍പാണു ഡിപ്പോയിലേക്കുള്ള പെണ്‍കുട്ടിയുടെ ഫോണ്‍ വിളി സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്. ആരോടാണു പരാതി പറയേണ്ടതെന്ന് അറിയില്ലെന്നു പറഞ്ഞായിരുന്നു ഫോണ്‍ വിളി. ഫോണെടുത്ത ജോണിയാകട്ടെ എല്ലാം ക്ഷമയോടെ കേട്ടു. "ഞങ്ങള്‍ സ്ഥിരം യാത്ര ചെയ്യുന്ന വണ്ടിയാണ് സാര്‍. ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു. ബസ് പോയതില്‍ യാത്രക്കാര്‍ക്കു വലിയ വിഷമമുണ്ട്. ഞങ്ങളൊക്കെ ആ ബസിന്റെയും കെഎസ്ആര്‍ടിസിയുടെയും "കട്ട" ഫാന്‍സാണ്. അതു പോയത് ഞങ്ങള്‍ക്കു സഹിക്കാന്‍ പറ്റുന്നില്ല..." എന്നൊക്കെയായിരുന്നു പരാതി. 
     
    പകരം വേറെ ഏതെങ്കിലും ബസ് പോരേയെന്നു ചോദിച്ചെങ്കിലും പെണ്‍കുട്ടിയുടെ മറുപടി ഇങ്ങനെ: "പകരം ബസ് ആര്‍ക്കു വേണം, ഞങ്ങള്‍ക്കു വേണ്ട. കണ്ടക്ടറെയും ഡ്രൈവറെയുമൊക്കെ നിങ്ങള്‍ മാറ്റിക്കോ. ഞങ്ങള്‍ക്കു ബസ് മാത്രം മതി. ആലുവ ഡിപ്പോയില്‍ ഇത്രയ്ക്കും ദാരിദ്ര്യമാണോ?" ബസിന്റെ "ഭാവി"യെപ്പറ്റിയും പെണ്‍കുട്ടി ആശങ്ക പങ്കുവച്ചു: " ആ ബസ് കണ്ടം ചെയ്യാനാണോ കൊണ്ടുപോയത്? അതോ വേറെ റൂട്ടില്‍ ഓടിക്കാനാണോ? ഞങ്ങളുടെ വണ്ടിയെ കൊന്നു കളയരുത് സാര്‍. അത് ഏതെങ്കിലും റൂട്ടില്‍ ഓടിച്ചു കണ്ടാല്‍ മതി..." എന്നായിരുന്നു അപേക്ഷ. ആരാണു വിളിക്കുന്നതെന്നു ചോദിച്ചിട്ടും പെണ്‍കുട്ടി പേരു പറഞ്ഞില്ല. ഡിഗ്രി വിദ്യാര്‍ഥിയാണ്, ബസിലെ സ്ഥിരം യാത്രക്കാരിയാണ്, ബസിന്റെ ആരാധാകരായി തങ്ങള്‍ കുറേ പേരുണ്ടെന്നുമായിരുന്നു മറുപടി. എംഡിക്കു പരാതി കൊടുത്താല്‍ നടപടിയുണ്ടാകുമോ എന്നും ചോദ്യമുണ്ടായി. പരാതി കൊടുക്കാന്‍ പോകുകയാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഇത്തരത്തിലൊരു പരാതി ആദ്യമായിട്ടാണെന്നും നല്‍കാനുമായിരുന്നു ചിരിയോടെ ജോണിയുടെ നിര്‍ദേശം. എന്തായാലും യാത്ര പറഞ്ഞു പോയെന്നു കരുതിയ ബസ് ഈരാറ്റുപേട്ടയിലേക്കു തന്നെ തിരികെയെത്തുകയാണ്. ഇനിമുതല്‍ അത് വെറും ബസല്ല, യാത്രക്കാരുടെ "ചങ്ക് ബസ്സാ"ണ്