• മൂന്നു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം സംസ്ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ വീണ്ടും പുനലൂരില്‍

     മൂന്നു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം സംസ്ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ വീണ്ടും വിരുന്നെത്തുമ്പോള്‍ മലയോര നഗരം ഉത്സവലഹരിയിലാണ്. നിലവാരമുള്ള നാലു കളിക്കളങ്ങളൊരുക്കി ഇരുകയ്യും നീട്ടിയാണു പുനലൂര്‍ ഈ കായികോത്സവത്തെ വരവേല്‍ക്കുന്നത്. കായികസംസ്‌കാരത്തിന് എന്നും തനതായ കയ്യൊപ്പു ചാര്‍ത്തിയിട്ടുള്ള മലയോര മേഖലയിലെ കായികപ്രേമികള്‍ക്കു ബാസ്‌കറ്റ്‌ബോള്‍ മേള ആവേശമായി. 14 ജില്ലകളില്‍ നിന്നുള്ള 28 ടീമുകളുടെ വാശിയോടെയുള്ള പോരാട്ടം. പുനലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫ്‌ലഡ്ലിറ്റ് കോര്‍ട്ടിലും ചെമ്മന്തൂര്‍ സെന്റ് തോമസ് എച്ച്എസ്എസിന്റെ കോര്‍ട്ടിലുമാണു മത്സരം നടക്കുന്നത്. പതിനാറു വയസ്സില്‍ താഴെയുള്ളവരുടെ ദേശീയ ടീമില്‍ ഇന്ത്യയ്ക്കായി മത്സരിച്ച നാലു താരങ്ങള്‍ ഇക്കുറി സംസ്ഥാന മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നുണ്ട്. പത്തനംതിട്ടയ്ക്കുവേണ്ടി കളിക്കുന്ന കോട്ടയം സ്വദേശി ജറോം ചൈനയില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്. 
     
    കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ മത്സരിച്ച രണ്ടുപേര്‍ വേറെയുമുണ്ട്. തിരുവനന്തപുരത്തുനിന്നുള്ള ശ്രീകലയും കോട്ടയത്തുനിന്നുള്ള ആന്‍ മേരി സഖറിയയും. ഡല്‍ഹിയിലെ നാഷനല്‍ ബാസ്‌കറ്റ്‌ബോള്‍ അക്കാദമിയിലെ സെജിന്‍ മാത്യു പത്തനംതിട്ട സ്വദേശിയാണ്. കഴിഞ്ഞവര്‍ഷം നടന്ന സംസ്ഥാന മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരുമായിരുന്നു ജേതാക്കള്‍. മേയ് ഏഴുമുതല്‍ ലുധിയാനയില്‍ നടക്കുന്ന ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള സംസ്ഥാന ടീമിനെ ഈ ടൂര്‍ണമെന്റില്‍ നിന്നാണു തിരഞ്ഞെടുക്കുക. 22 വരെ മത്സരമുണ്ടാകും. മേഖലയിലെ പഴയകാല താരങ്ങള്‍ ഉള്‍പ്പെടെയുള്ള കായികപ്രേമികള്‍ ചാംപ്യന്‍ഷിപ് ആവേശകരമാക്കാനുള്ള പരിശ്രമത്തിലാണ്.