• ഓണ്‍ ലൈന്‍ സേവനങ്ങളുടെ ഏകോപനത്തിന് ആലപ്പുഴയില്‍ ഇനി ഡിജിറ്റല്‍ കര്‍മ്മസേന.

     
    പ്രത്യേക ലേഖകന്‍
     
     ആലപ്പുഴ  ജില്ലയില്‍ ഡിജിറ്റല്‍ സാക്ഷരത സജീവമാക്കാന്‍ തീരുമാനം. ഓണ്‍ലൈന്‍  സേവനങ്ങളുടെ ഏകോപനത്തിനും പ്രാദേശികാടിസ്ഥാനത്തില്‍ ഉള്ള ബോധവല്‍ക്കരണത്തിനും  ഡിജിറ്റല്‍ കര്‍മ്മ സേന രൂപീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരും അക്ഷയ സംരംഭകരും കോമണ്‍ സര്‍വീസ് കേന്ദ്രങ്ങളുടെ നടത്തിപ്പുകാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഡിജിറ്റല്‍ കര്‍മ്മ സേന രൂപീകരിച്ചത്. ആലപ്പുഴ ജില്ലാ ഭരണകൂടവും  നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററും   കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപാര്‍ട്ട്‌മെന്റിന് കീഴിലെ ഓണ്‍ലൈന്‍ പോര്‍ട്ടലായ വികാസ് പീഡിയ കേരളയും ആലപ്പുഴ    ജില്ലാ ഇ - ഗവേണന്‍സ് സൊസൈറ്റിയും  വികാസ് പീഡിയ നോഡല്‍ ഏജന്‍സിയായ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും ചേര്‍ന്നാണ് കര്‍മ്മ സേന രൂപീകരിച്ചത്. 
     
    സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ ഓണ്‍ലൈന്‍ സേവനങ്ങള്‍, ഡിജിറ്റല്‍ സാക്ഷരത, ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത, സോഷ്യല്‍ മീഡിയ, സൈബര്‍ സെക്യൂരിറ്റി, തുടങ്ങി എല്ലാ ഡിജിറ്റല്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളും  സേവനങ്ങളും  സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതിന് ബോധവല്‍ക്കരണം നടത്തും. കോഡിനേഷന്‍,   ബോധവല്‍ക്കരണം ,സാങ്കേതിക സഹായം, സമൂഹ മാധ്യമങ്ങള്‍   എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി അന്‍പതോളം പേര്‍ അടങ്ങുന്ന  ഡിജിറ്റല്‍ കര്‍മ്മ സേന ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍    പാര്‍വ്വതീദേവി  പി.  , ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി ഡിസ്ട്രിക്ട് പ്രൊജക്ട് മാനേജര്‍ ബെറില്‍ തോമസ്, വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി.ഷിബു എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുക.
     
    കലക്ട്രേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍    നടന്ന ഏകദിന ശില്പശാല ആലപ്പുഴ  ജില്ലാ കലക്ടര്‍ അനുപമ  ടി.വി.  ഉദ്ഘാടനം ചെയ്തു. എ.ഡി.എം. ഐ. അബ്ദുള്‍ സലാം   അധ്യക്ഷത വഹിച്ചു. വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി. ഷിബു വിഷയാവതരണം നടത്തി. ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ പാര്‍വ്വതീ ദേവി സ്വാഗതവും  ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി  ഡിസ്ട്രിക്ട് പ്രൊജക്ട് മാനേജര്‍ ബെറില്‍ തോമസ് നന്ദിയും പറഞ്ഞു. , ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വിദ്യാധരന്‍ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി.മണ്ണ് സംരംക്ഷണ പര്യവേക്ഷണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍  സുധീഷ് കുമാര്‍, മൃഗ സംരംക്ഷണ വകുപ്പില്‍ നിന്ന് ഡോ: ടി.എസ്.രതീഷ് ,  ഇ.- ഹെല്‍ത്തിനെ കുറിച്ച് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ: മനു, കൈറ്റ് പദ്ധതിയെക്കുറിച്ച് വിദ്യാഭ്യാസ  ജില്ലാ കോഡിനേറ്റര്‍  വി. സന്തോഷ്, തദ്ദേശ സ്ഥാപനങ്ങളിലെ ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ച്  ജില്ലാ ടെക്‌നിക്കല്‍ ഹെഡ് യു.നജീബ് എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു.