• ദേശീയപാത സ്ഥലമേറ്റെടുക്കല്‍: പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍

    ദേശീയപാതയുമായി ബന്ധപ്പെട്ട പ്രതിഷേധം മലപ്പുറത്ത് ശക്തമാകുന്നതിനിടെ പുതിയ അലൈന്‍മെന്റിനുള്ള സാധ്യത പരിശോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ജനവാസ മേഖലകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷി യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു."അലൈന്‍മെന്റ് മാറ്റുമെന്നും മാറ്റില്ലെന്നും പറഞ്ഞിട്ടില്ല. പ്രശ്‌നമുണ്ടായ സ്ഥലം പരിശോധിച്ച് വേണ്ടതു ചെയ്യും". ദേശീയ പാത 45 മീറ്റര്‍ ആക്കുന്നതിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പിനെതിരെ മലപ്പുറത്ത് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പൊലീസ് സമരക്കാര്‍ക്കുനേരെ ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തിരുന്നു.
     
    മലപ്പുറം ജില്ലയിലെ 25,000ത്തിലേറെ ആളുകളെ ബാധിക്കുന്ന വിഷയമാണിതെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നത്. 1500 കുടുംബങ്ങളാണ് ഈ ദേശീയപാതാ വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നത്. ദേശീയപാതാ ആക്ട് പ്രകാരമുള്ള തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് നല്‍കുന്നത്. 11,000 ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുന്നുണ്ട്. കെട്ടിടങ്ങളും വീടുകളുമടക്കം 5500 ലേറെ സ്ഥാപനങ്ങളാണ് പൊളിക്കേണ്ടത്. മുപ്പതിനായിരത്തിലേറെ വലിയ മരങ്ങള്‍ മുറിക്കണം. 600 ലേറെ കിണറുകള്‍ തകര്‍ക്കണം.   പരിസ്ഥിതിക്കും ഭൂസ്ഥിതിക്കും പ്രദേശവാസികള്‍ക്കും സാമ്പത്തിക രംഗത്തുമൊക്കെ വലിയ നഷ്ടമുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു. ദേശീയ പാത 30 മീറ്ററില്‍ ആറുവരിപ്പാതയെന്നതാണ് സമരസമിതി മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. 30 മീറ്ററിലാണെങ്കില്‍ 50 കുടുംബങ്ങളേ കുടിയിറക്കെപ്പെടൂവെന്നും ഇവര്‍ പറയുന്നു.വ ദേശീയപാത 30 മീറ്ററായി ചുരുക്കുക എന്നതിനു പുറമേ നഷ്ടപ്പെടുന്ന ഭൂമിക്ക് മാര്‍ക്കറ്റ് വില നല്‍കുക, നഷ്ടപരിഹാരത്തെ ആദായ നികുതി പരിധിയില്‍ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുവെക്കുന്നത്.