• മുരുകന്‍പാഞ്ചാല്‍ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം എങ്ങുമെത്തിയില്ല

    മരം മുറിച്ചു മാറ്റിയെങ്കിലും മുരുകന്‍പാഞ്ചാല്‍ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം എങ്ങുമെത്തിയില്ല. പാലം പണി പൂര്‍ത്തീകരിച്ചു നാലുമാസം പിന്നിട്ടപ്പോഴാണു വനം വകുപ്പിന്റെ അനുമതിയോടുകൂടി അപ്രോച്ച് റോഡിനായുള്ള മരങ്ങള്‍ മുറിച്ചു നീക്കിയത്. എന്നാല്‍ അപ്രോച്ച് റോഡ് നിര്‍മാണത്തിന് ഇനിയും വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. വനംമന്ത്രിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും ഇനിയുള്ള പണികളുടെ വേഗം. 
     
    അനുമതി ലഭിച്ചാലും മരത്തിന്റെ കുറ്റികള്‍ നീക്കം ചെയ്യുന്നതിനു പ്രത്യേകം അടങ്കല്‍ തയാറാക്കേണ്ടതുണ്ട്. അടങ്കല്‍ തയാറാക്കി അനുമതിയും ലഭിച്ചു വരുമ്പോള്‍ നാളുകള്‍ കഴിയുമെന്നതില്‍ സംശയമില്ല. ദേശീയപാതയിലെ ഗതാഗതക്കുരുക്കിനു പേരുകേട്ട മുരുകന്‍പാഞ്ചാല്‍ പാലം എന്ന് യാഥാര്‍ഥ്യമാകുമെന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നായി ശ്രമിച്ചാലെ മുരുകന്‍പാഞ്ചാലിലെ പുതിയ പാലത്തില്‍ക്കൂടി വാഹനങ്ങള്‍ കടന്നുപോകാന്‍ സാധിക്കൂ.