• സംവരണത്തിനെതിരെ മേല്‍ജാതിക്കാര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് അക്രമാസക്തം.

     സംവരണത്തിനെതിരെ മേല്‍ജാതിക്കാര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് അക്രമാസക്തം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ക്രമസമാധാനപാലനത്തിനായി വിവിധ നഗരങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തു. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.  ബീഹാറില്‍ സംഘര്‍ഷത്തിനിടെ 12 ഓളം പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പാറ്റ്ന, ബെഗുസരായ്, ലഖിസരായ്, മുസാഫര്‍പൂര്‍, ഭോജ്പൂര്‍ തുടങ്ങിയിടങ്ങളിലും വ്യാപകമായ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അക്രമികള്‍ റോഡുകളും ട്രെയിനുകളും ഉപരോധിച്ചു. മാര്‍ക്കറ്റുകള്‍ ബലം പ്രയോഗിച്ച് അടപ്പിച്ച പ്രക്ഷോഭകര്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. ക്രമസമാധാനം തകര്‍ന്നതിനെ തുടര്‍ന്ന് ഭാരത്പൂര്‍, ഭിന്ദ്, മൊറേന, ജയ്പൂര്‍ തുടങ്ങി നിരവധി ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാജവാര്‍ത്തകളും കലാപാഹ്വാനവും പ്രചരിക്കുന്നതിനാല്‍ സഹാരന്‍പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
     
    ഉത്തര്‍ പ്രദേശിലെ ഫിറോസാബാദില്‍ സ്‌കൂളുകള്‍ക്ക് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പട്രോളിങ് ശക്തിപ്പെടുത്താനും കൂടുതല്‍ സേനയെ നിയോഗിക്കാനുമാണ് നിര്‍ദ്ദേശം. മധ്യപ്രദേശിലും രാജസ്ഥാനിലും ഇന്നലെ മുതല്‍ തന്നെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജയ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍് ഇന്ന് രാത്രി വരെ നിര്‍ത്തി വച്ചു. നഗരത്തില്‍ പ്രതിഷേധങ്ങള്‍ നടത്താനും കൂട്ടം കൂടാനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജയ്പൂരിലെ മന്‍സിംഗ് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ഐ.പി.എല്‍ മത്സരങ്ങള്‍ നടക്കാനിരിക്കെയാണ് സംഘര്‍ഷം. സ്റ്റേഡിയത്തിലും പരിസരങ്ങളിലുമായി പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.ഏപ്രില്‍ രണ്ടിന് ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിന് എതിരെയാണ് മേല്‍ജാതിക്കാരുടെ ബന്ദ്. എസ്.സി.എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഏപ്രില്‍ രണ്ടിന് ദളിത് സംഘടനകള്‍ ഭാരത് ബന്ദ് ആചരിച്ചത്. പൊലീസിന്റെയും സൈന്യത്തിന്റെയും വേട്ടയില്‍ 12 ദളിതുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടത്.