• "മോഹന്‍ലാലിലി"ലെ ഹിറ്റ് ഗാനമായ "ലാലേട്ടാ..ലാ ലാ ലാ" യുടെ മുഴുവന്‍ വീഡിയോ പുറത്തിറക്കി

     മഞ്ജു വാര്യരെയും ഇന്ദ്രജിത്തിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "മോഹന്‍ലാലിലി"ലെ ഹിറ്റ് ഗാനമായ "ലാലേട്ടാ..ലാ ലാ ലാ" യുടെ മുഴുവന്‍ വീഡിയോ പുറത്തിറക്കി. ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന പാടിയ ഗാനത്തിന്റെ ചെറിയ ഭാഗങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ നെഞ്ചേറ്റിയിരുന്നു.മോഹന്‍ലാല്‍ ആരാധികയായ ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് പാട്ടില്‍ കാണിക്കുന്നത്. രാജാവിന്റെ മകന്‍ റിലീസ് ദിവസം പിറക്കുന്ന കുട്ടിയെ പിന്നീട് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തുന്നതാണ് ഗാനം.മനുമഞ്ജിത്താണ് പാട്ടിന്റെ വരികളെഴുതിയത്. ടോണി ജോസഫ് ആണ് സംഗീതം. മോഹന്‍ലാലിനെക്കുറിച്ചുള്ള മെലഡി വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
    മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മഞ്ജു വാര്യരെത്തുന്നത്. മോഹന്‍ലാലിന്റെ മികച്ച കഥാപത്രങ്ങളിലൊന്നായ സേതുമാധവന്‍ എന്ന കഥാപാത്രത്തിന്റെ പേരുമായാണ് ഇന്ദ്രജിത്ത് ചിത്രത്തിലുള്ളത്. "ചങ്കല്ല, ചങ്കിടിപ്പാണ്" എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.സാജിദ് യഹിയയുടെ കഥയ്ക്ക് സുനീഷ് വാരനാട് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തില്‍ മധു മഞ്ജിത്തിന്റെ വരികള്‍ക്ക് ടോണി ജോസഫാണ് ഈണം പകരുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം ആലപിക്കുന്നത് ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയാണ്. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സെന്‍സറിംഗുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ബാക്കിയുള്ളതിനാലാണ് ടീസര്‍ പുറത്തിറങ്ങാന്‍ വൈകിയിരുന്നത്.